Image Credit: X/ SARS‑CoV‑2 (COVID-19)

ചൈനയില്‍ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷത്തിന് ശേഷം ചൈനയിലെ  ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്നാണ് സമൂഹ മാധ്യമ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്, കോവിഡ്19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം വൈറസ് ബാധയും ചൈനയിലുണ്ടെന്നും അഭ്യൂഹങ്ങള്‍ നിറയുകയാണ്. 

തിരക്കേറിയ ആശുപത്രികളില്‍ മാസ്ക് ധരിച്ച രോഗികളുള്ള വിഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. SARS‑CoV‑2 (COVID-19) എന്ന എക്സ് ഹാന്‍ഡിലില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ചൈനയിലെ കുട്ടികളുടെ ആശുപത്രിയില്‍ ന്യുമോണിയ ബാധ ഉയരുന്നതായാണ് വിവരം. രോഗ ബാധയെ തുടര്‍ന്ന് ചൈനയില്‍ ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. അതേസമയം, വാര്‍ത്ത ലോകാരോഗ്യ സംഘടനയോ ചൈനയോ സ്ഥിരീകരിച്ചിട്ടില്ല. 

14 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ എച്ച്എംപിവി കേസുകള്‍ വര്‍ധിക്കുന്നുവെന്നാണ് ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്തുള്ള റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിറ്റേഴ്സിനോട് വ്യക്തമാക്കിയത്.

തണുപ്പ് കാലത്ത് ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുവിടങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ വിശദീകരിക്കുന്നു.

എന്താണ് എച്ച് എംപിവി?

ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. കുട്ടികളെയും പ്രായമായവരെയുമാണ് ഇത് കൂടുതലായും ബാധിക്കുന്നത്. കുറഞ്ഞ രോഗ പ്രതിരോധ ശേഷിയുള്ളവരിലും ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുള്ളവരിലും രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന  സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടന്ന് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം മൂലവും രോഗം പകരാം.

വർഷം മുഴുവനും ഇത് എച്ച്എംപിവി വൈറസുകള്‍ ഉണ്ടാകാറുണ്ടെങ്കിലും തണുപ്പ് കാലത്താണ് ഏറ്റവും കൂടുതൽ പേരെ രോഗം ബാധിക്കുന്നത്. ചുമ, പനി, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

ENGLISH SUMMARY:

Reports suggest the spread of Human Metapneumovirus (HMPV) in China. Social media posts claim that hospitals and crematoriums are overwhelmed, reminiscent of the situation during the COVID-19 outbreak five years ago. Multiple viral infections, including Influenza A, Human Metapneumovirus, and COVID-19, are reportedly prevalent in the country.