2023 ഒക്ടോബര്‍ ആക്രമണത്തില്‍ ബന്ദിയാക്കപ്പെട്ട ഇസ്രയേലി സൈനിക ലിറി അല്‍ബാഗിന്‍റെ വിഡിയോ പുറത്തുവിട്ട് ഹമാസിന്‍റെ സൈനിക വിഭാഗമായ എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ്. മൂന്നര മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഹിബ്രു ഭാഷയിലാണ് ലിറി സംസാരിക്കുന്നത്. വിഡിയോ എന്നാണ് ചിത്രീകരിച്ചത് എന്നതില്‍ വ്യക്തതയില്ല. മോചനത്തിനായി ഇടപെടാന്‍ ഇസ്രയേല്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതാണ് വിഡിയോയുടെ ഉള്ളടക്കം.
18 വയസുള്ള ലിറി അല്‍ബാഗ് അടക്കം ആറു വനിതാ സൈനികരെയാണ് ഗസയിലെ നഹല്‍ ഒസ് ബേസ് ക്യാംപില്‍ നിന്നും ഹമാസ് പിടികൂടിയത്. അതില്‍ അഞ്ച് സൈനികരും തടവില്‍ തുടരുകയാണ്. 251 പേരെയാണ് ഹമാസ് തടവിലാക്കിയത്. 96 പേരും ഗസയില്‍ തടവില്‍ തുടരുകയാണ്. 34 പേര്‍ ഇതിനോടകം മരിച്ചെന്നാണ് ഇസ്രയേലി സൈന്യം പറയുന്നത്.
അതേസമയം ഗസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. പുലര്‍ച്ചെ മുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗസയില്‍ 66 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണം ഖാന്‍ യൂനിസ് നഗരത്തിലെ അല്‍–അമല്‍ ആശുപത്രിക്ക് കാര്യമായ കേടുപാട് വരുത്തിയതായി പലസ്തീന്‍ റെഡ്ക്രോസ് സൊസൈറ്റി വ്യക്തമാക്കി. വടക്കാന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ ഇനി മുതല്‍ സേവനങ്ങള്‍ ലഭിക്കില്ലെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയിൽ തടവിലാക്കപ്പെട്ടവരെ തിരികെ കൊണ്ടുവരുന്നതിനായി ഖത്തറിൽ ഹമാസുമായി പരോക്ഷ ചർച്ചകൾ പുനരാരംഭിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ഇസ്രയേലുമായുള്ള പരോക്ഷ ചർച്ചകൾ ഖത്തറിൽ പുനരാരംഭിക്കുമെന്ന് വെള്ളിയാഴ്ച ഹമാസ് പ്രഖ്യാപിച്ചിരുന്നു. ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരുന്നതിനുള്ള കരാറിന് സമ്മതിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട പ്രതിഷേധക്കാരെ ഇസ്രായേൽ പോലീസ് അറസ്റ്റ് ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവരുടെ മധ്യസ്ഥതയില്‍ മാസങ്ങൾ നീണ്ട ശ്രമങ്ങളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല.