കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ ഉടന്‍ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സ്വന്തം പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നടക്കം പിന്തുണ കുറയുകയും വിമര്‍ശനങ്ങള്‍ രൂക്ഷമാവുകയും ചെയ്തതോടെയാണ് രാജിയിലേക്ക് നീങ്ങുന്നത്. ഇന്നുതന്നെ രാജിയുണ്ടായേക്കാമെന്നാണ് കനേഡിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യാന്തരതലത്തില്‍ പ്രതിഛായ നഷ്ടം. രാജ്യത്ത് സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍. 2015 മുതല്‍ മൂന്നുതവണ തുടര്‍ച്ചയായി കാനഡയെ നയിക്കുന്ന ജസ്റ്റിന്‍ ട്രൂഡോയെ ജനങ്ങള്‍ക്ക് മടുത്തുതുടങ്ങിയെന്ന സര്‍വേഫലങ്ങള്‍കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് രാജിയിലേക്ക് നീങ്ങുന്നത്.
ബുധനാഴ്ച നടക്കുന്ന നാഷണല്‍ കോക്കസിന് മുന്നോടിയായി രാജിയുണ്ടാകും. പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ ട്രൂഡോ ചുമതലയില്‍ തുടരുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുമായുള്ള ഖലിസ്ഥാന്‍ വിവാദമടക്കം വിഷയങ്ങളില്‍ കനത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന ട്രൂഡോയുടെ നേതൃത്വത്തില്‍, ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ലിബറല്‍ പാര്‍ട്ടി പരാജയപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാജിനീക്കം.
ഖലിസ്ഥാന്‍ വിഷയത്തില്‍ തെളിവില്ലാതിരുന്നിട്ടും ഇന്ത്യയ്ക്കെതിരെ നടപടിയെത്തെന്ന് ആരോപണം പ്രതിപക്ഷം കടുപ്പിച്ചിരുന്നു. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ജനസമ്മതി കൂടിയതിനാല്‍ തിരഞ്ഞെടുപ്പിലേക്ക് പുതിയ നേതൃത്വം വേണമെന്നാണ് ലിബറല്‍ പാര്‍ട്ടി എംപിമാരുടെ ആവശ്യം.
ട്രൂഡോയുടെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ച് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവച്ചതും കനത്ത തിരിച്ചടിയായി. അടുത്തിടെ നടന്ന സര്‍വേയില്‍ പകുതിയിലധികം എംപിമാരും ട്രൂഡോ രാജി വയ്ക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നതും വീടുകളുടെ വിലയും വാടകയും കൂടിയതും ഭരണവിരുദ്ധവികാരമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പൈപ്പ് ലൈന്‍ പദ്ധതിയുടെ പേരില്‍ ഗോത്രവിഭാഗത്തിന്‍റെ പ്രതിഷേധം നേരിടേണ്ടിവന്നതും ട്രൂഡോയ്ക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
അതേസമയം, പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതടക്കം കാര്യങ്ങള്‍ ബുധനാഴ്ചത്തെ കോക്കസില്‍ ചര്‍ച്ചയായേക്കും. സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷവും നീക്കം തുടങ്ങിയിട്ടുണ്ട്.