TRADE-NAFTA/

ട്രംപും ട്രൂഡോയും (ഫയല്‍ ചിത്രം)

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതിന് പിന്നാലെ കാനഡയെ അമേരിക്കയില്‍ 'ലയിപ്പി'ക്കാമെന്ന് ഡോണള്‍ഡ് ട്രംപിന്‍റെ വാഗ്ദാനം. യുഎസിലെ 51–ാം സംസ്ഥാനമായി കാനഡയെ പ്രഖ്യാപിക്കാമെന്നാണ് ട്രംപ് ആവര്‍ത്തിക്കുന്നത്.  ജസ്റ്റിന്‍ ട്രൂഡോയുമായി ഒരിക്കലും ഡോണള്‍ഡ് ട്രംപ് അത്ര രസത്തിലായിരുന്നില്ല. 'ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡ' ഗവര്‍ണര്‍ എന്നായിരുന്നു ട്രംപ് ട്രൂഡോയെ പരിഹസിച്ച് പറ‍ഞ്ഞിരുന്നത്. 

വീണ്ടും യുഎസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് കാനഡയെ യുഎസിന്‍റെ ഭാഗമാക്കാമെന്ന് ട്രംപ് ട്രൂഡോയോട് പറഞ്ഞത്. പിന്നീട് പലപ്പോഴും ഇത് സമൂഹമാധ്യമങ്ങളിലൂടെ ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം, ജനപിന്തുണയും പാര്‍ട്ടിക്കുള്ളിലെ പിന്തുണയും നഷ്ടപ്പെട്ടതിന് പിന്നാലെ 53കാരനായ ട്രൂഡോ തിങ്കളാഴ്ച രാജി വച്ചിരുന്നു. ഈ വര്‍ഷം കാനഡയില്‍ പൊതു തിരഞ്ഞെടുപ്പും നടക്കും. പുതിയ പാര്‍ട്ടി അധികാരത്തിലെത്തുന്നത് വരെ ട്രൂഡോ സ്ഥാനത്ത് തുടരും.

'യുഎസിന്‍റെ ഭാഗമാകാന്‍ കാനഡയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും താല്‍പര്യമുണ്ട്. ട്രൂഡോയ്ക്ക് ഇക്കാര്യം മനസിലാക്കിയത് കൊണ്ടാണ് രാജി'വച്ചതെന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.  കാനഡ യുഎസില്‍ ലയിച്ചാല്‍ താരിഫുകള്‍ ഇല്ലാതെയാകുമെന്നും നികുതി കുറയുമെന്നും റഷ്യയുടെയും ചൈനയുടെയും ഭീഷണികളില്‍ നിന്ന് ജനങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാകുമെന്നും ട്രംപ് അവകാശപ്പെട്ടു. ഒന്നിച്ചാല്‍ മനോഹരമാകുമെന്നും ട്രംപ് ആവര്‍ത്തിച്ചു. 

അതേസമയം, ട്രംപിന്‍റെ ലയിപ്പിക്കല്‍ വാഗ്ദാനത്തോട് കാനഡ ഒട്ടും താല്‍പര്യം കാണിച്ചിട്ടില്ല. അനധികൃത കുടിയേറ്റക്കാരെയും ലഹരിമരുന്നും തട‍ഞ്ഞില്ലെങ്കില്‍ കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്കുമേല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി.

ENGLISH SUMMARY:

Hours after Canadian Prime Minister Justin Trudeau's resignation, U.S. President-elect Donald Trump on Monday renewed his offer to make Canada the 51st state of the United States.