ശൈത്യക്കാറ്റില്‍ വിറച്ച് അമേരിക്ക. വ്യോമ–റോഡ് ഗതാഗതം പലയിടങ്ങളിലും സ്തംഭിച്ചു. 9000ത്തിലേറെ വിമാന സര്‍വീസുകള്‍ തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലാണ്. മൈനസ് മൂന്ന് ഡിഗ്രിയാണ് പല സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന താപനിലയെന്നും യുഎസ് നാഷനല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കന്‍സാസ്, വിര്‍ജിനിയ, മെറിലാന്‍ഡ് തുടങ്ങി ഏഴ് സംസ്ഥാനങ്ങള്‍ ഇതിനകം അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അമേരിക്കയില്‍ ഉണ്ടായ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്നും നാഷനല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കുന്നു. 12 സംസ്ഥാനങ്ങളിലായി ആറരക്കോടിയോളം ജനങ്ങളാണ് അതിശൈത്യവും മഞ്ഞുവീഴ്ചയും കൊണ്ട് ദുരിതം അനുഭവിക്കുന്നത്. അഞ്ചുപേര്‍ മരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
കന്‍സാസിലെ ടൊപേകയില്‍ 37 സെന്‍റീമീറ്ററോളം മഞ്ഞു വീണുവെന്നും കന്‍സസ് നഗരത്തില്‍ 28 സെന്‍റീമീറ്ററാണ് മഞ്ഞുവീഴ്ചയെന്നും പ്രാദേശിക ഭരണകൂടം റിപ്പോര്‍ട്ട് ചെയ്യുന്നു. 1962ലെ മഞ്ഞുവീഴ്ചയെക്കാള്‍ വലിയതാണ് ഈ വര്‍ഷമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ടെക്സസില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള 9000 വിമാന സര്‍വീസുകള്‍ തടസപ്പെട്ടതായി ഫ്ലൈറ്റ് അവയര്‍ വ്യക്തമാക്കി. വാഷിങ്ടണ്‍, ഡിസി എന്നിവിടങ്ങളില്‍ 80 ശതമാനം ഫ്ലൈറ്റുകളും റദ്ദാക്കി. മഞ്ഞുനീക്കുന്നതിനായി റണ്‍വേകള്‍ പലയിടത്തും അടച്ചു. റോഡ് ഗതാഗതവും വലിയ തോതില്‍ തടസപ്പെട്ടിട്ടുണ്ട്. കെന്‍റുകി, ഇന്ത്യാന, വിര്‍ജിനിയ, വെസ്റ്റ് വിര്‍ജിനിയ എന്നിവിടങ്ങളിലായി മൂന്ന് ലക്ഷത്തോളം പേരാണ് വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നത്. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഭൂമിയുടെ ഉത്തരധ്രുവത്തെ ചൂഴ്ന്ന് നില്‍ക്കുന്ന തണുത്ത കാറ്റാണ് പോളാര്‍ വോര്‍ടക്സ്. ശൈത്യകാലത്ത് ധ്രുവപ്രദേശത്തെയും മധ്യഅക്ഷാംശ പ്രദേശങ്ങളിലും വലിയ താപനില വ്യത്യാസം വരുന്നതോടെ സ്ട്രാറ്റോസ്ഫിയറിലെ പോളാര്‍ വോര്‍ടെക്സ് കരുത്താര്‍ജിക്കുകയും താഴേക്ക് തെന്നി നീങ്ങി യുഎസിന് സമീപത്തായി വീശുകയും ചെയ്യുന്നു. ശൈത്യകാലത്ത് ഭൂമധ്യരേഖയിലെയും ധ്രുവങ്ങളിലെയും താപനിലയിലെ വ്യത്യാസമാണ് പോളാര്‍ വോര്‍ടെക്സ് അതിതീവ്രമാകാന്‍ കാരണം. കാലാവസ്ഥാ വ്യതിയാനവും ശൈത്യക്കാറ്റിന്‍റെ തീവ്രത വര്‍ധിപ്പിക്കുന്നതായും ഗവേഷകര്‍ പറയുന്നു.