യുഎസിലെ കാലിഫോർണിയ സംസ്ഥാനത്ത് കാട്ടുതീ പടർന്ന് വ്യാപക നാശനഷ്ടങ്ങൾ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലോസ് ഏഞ്ചൽസിനടുത്തുള്ള പസിഫിക് പാലിസേഡ്സ് പ്രദേശത്ത് ഉണ്ടായ കാട്ടുതീയിൽ 2,900 ഏക്കർ ഭൂമിയും 13,000 കെട്ടിടങ്ങളും നിരവധി വാഹനങ്ങളും കത്തിനശിച്ചു. സാന്റ മോണിക്ക, മാലിബു തുടങ്ങിയ പ്രദേശങ്ങളിലാണ് തീ പടർന്നത്. പ്രദേശവാസികളായ 30,000 പേരെ ഒഴിപ്പിച്ചിരിക്കുകയാണെന്ന് കാലിഫോർണിയ ഗവർണർ അറിയിച്ചു. കാട്ടുതീ പടരുന്നതിനാൽ ലോസ് ഏഞ്ചൽസിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ഹൃദയഭേദകമായ ഒരു വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തന്റെ ജീവന്റെ ജീവനായ വളര്‍ത്തുനായ്ക്കളെ രക്ഷപ്പെടുത്താനായി പൊലീസിനോട് കേഴുന്ന ഒരാളുടെ വിഡിയോ ആണ് സൈബറിടങ്ങളെ വേദനിപ്പിക്കുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇയാള്‍ പൊലീസിനോട് സംസാരിക്കുന്നത്. വിഡിയോ കാണുന്നവരുടെയെല്ലാം നെഞ്ചുലയ്ക്കുന്ന കരച്ചിലാണ് ഈ മൃഗസ്നേഹിയുടേത്. അവര്‍ തന്റെ ജീവനാണെന്നും, കുടുംബമാണെന്നും ഇയാള്‍ പൊലീസിനോട് കരഞ്ഞുപറയുന്നു.
ജോലിക്കുപോയ സമയത്ത് വളര്‍ത്തുനായ്ക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാട്ടുതീ പടര്‍ന്ന വാര്‍ത്തയറിഞ്ഞ് ഒരു സൈക്കിളും വാടകയ്ക്കെടുത്താണ് ഇയാള്‍ മേഖലയിലെത്തിയത്. എന്നാല്‍ ആ പ്രദേശത്തേക്കൊന്നും കടന്നുപോകാന്‍ പൊലീസോ സംരക്ഷണസേനയോ അനുമതി നല്‍കിയില്ല. ഇതിനെത്തുടര്‍ന്നാണ് ഇയാള്‍ കരഞ്ഞുവിളിച്ച് തന്റെ ആവശ്യം അറിയിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ലോസ് ഏഞ്ചൽസിന് സമീപമുള്ള മരുഭൂമികളിൽ നിന്ന് വരുന്ന സാന്റ അന എന്ന ഉഷ്ണക്കാറ്റാണ് ഈ തീപിടുത്തത്തിന് കാരണമായത്. ഈ കാറ്റ് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലാണ് വീശുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ലോസ് ഏഞ്ചൽസിലെ സന്ദർശനം തീപിടിത്തം വ്യാപിക്കുന്ന സാഹചര്യത്തിൽ ഒഴിവാക്കി.