ഹോളിവുഡിനെ ഞെട്ടിച്ച് കാട്ടുതീ. ലൊസാഞ്ചലസില്‍ അതിവേഗം പടരുന്ന കാട്ടുതീയില്‍ താരങ്ങളുടെ അടക്കം ഒട്ടേറെ വീടുകള്‍ നശിച്ചു. തീയില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. ഒരു ലക്ഷത്തി മുപ്പത്തിയേഴായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല
ചരിത്രത്തിലെ ഏറ്റവുംവലിയ കാട്ടുതീയാണ് ലോസാഞ്ചലസ് നേരിടുന്നത്. ലോസാഞ്ചലസിലും സമീപ കൗണ്ടികളിലുമായി ആറിടങ്ങളിലാണ് തീ പടരുന്നത്. ഇതില്‍ ഹോളിവുഡ് ഹില്‍സിലെ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ നിയന്ത്രണാതീതമാണ്. ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ തീ അതിവേഗം ആയിരക്കണക്കിന് ഏക്കര്‍ ചാമ്പലാക്കുകയായിരുന്നു. കാറ്റും വരണ്ട കാലാവസ്ഥയും മൂലം തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഫലിച്ചിട്ടില്ല. ഹോളിവുഡ് താരം പാരിസ് ഹില്‍ട്ടന്റെയും ആഡം ബ്രോഡിയുടെയും ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളുടെ വീടുകള്‍ കത്തിനശിച്ചു. പതിനായിരക്കണക്കിന് ഏക്കര്‍ ഇതിനകം ചാമ്പലായി. 50 ബില്യണിലേറെ ഡോളറിന്‍റെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ജനവാസമേഖലകളിലേക്ക് തീ പടരുന്നതിനാല്‍ കൂടുതല്‍ ആളുകളെ ഒഴിപ്പിക്കേണ്ടി വരും. നിലവില്‍ ആയിരത്തി ഒരുന്നൂറിലേറെ ഫയര്‍ എന്‍ജിനുകളും 7500ല്‍ അധികം ഉദ്യോഗസ്ഥരും തീയണക്കാന്‍ രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മിലിട്ടറി പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കലിഫോര്‍ണിയയുടെ സമീപ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും എത്തിക്കാന്‍ നടപടി തുടങ്ങി. സ്ഥിതി നിയന്ത്രണാതീതമായതിനാല്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറ്റലി സന്ദര്‍ശനം റദ്ദാക്കി. കാട്ടുതീയെ തുടര്‍ന്ന് ഈമാസം 17 ന് നടക്കേണ്ട ഓസ്കര്‍ നോമിനേഷന്‍ 19ലേക്ക് മാറ്റി.