നരഭോജികളായ മനുഷ്യരെ കുറിച്ച് അത്രയൊന്നും കേട്ടുകേള്‍വിയുണ്ടാകില്ല. വഴക്ക് മൂത്തതിനെ തുടര്‍ന്ന് ചേട്ടനെ അനിയന്‍ കൊന്ന് കൂട്ടുകാരുമായി ചേര്‍ന്ന് തിന്നുവെന്ന വാര്‍ത്തകളാണ് പാപ്പുവ ന്യൂഗിനിയില്‍ നിന്നും പുറത്തുവരുന്നത്. ദ്വീപ് രാജ്യമായ പാപ്പുവന്യൂഗിനിയിലെ പ്രമുഖ പത്രമായ 'ദ് പാപുപ ന്യൂ ഗിനിയ പോസ്റ്റ്' ആണ് ചിത്രങ്ങള്‍ സഹിതമുള്ള വാര്‍ത്ത പുറത്തുവിട്ടത്. പാപ്പുവ ന്യൂഗിനിയിലെ വനമേഖലയായ ഗൊയ്ലാല ജില്ലയിലെ സാകി ഗ്രാമത്തിലാണ് 'നരഭോജനം' നടന്നതെന്ന് പൊലീസ് കണ്ടെത്തി. ഒരു മാസം മുന്‍പ് നടന്ന സംഭവമാണിതെന്നും വിഡിയോ ഇപ്പോഴാണ് പുറത്തുവന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഒരുകൂട്ടം യുവാക്കള്‍ കയ്യില്‍ അമ്പും വില്ലും വെട്ടുകത്തിക്ക് സമാനമായ ആയുധങ്ങളുമായി മുറിച്ചെടുത്ത മനുഷ്യന്‍റെ കാല്‍ഭാഗം ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ചിരിച്ച് സന്തോഷത്തോടെയാണ് യുവാക്കള്‍ നില്‍ക്കുന്നതെന്ന് ചിത്രങ്ങളില്‍ കാണാം. കൂട്ടത്തിലൊരാള്‍ നക്കുന്നത് പോലെയുള്ള ആംഗ്യം വായ കൊണ്ട് കാണിക്കുന്നുമുണ്ട്. ശരീരഭാഗം ഭക്ഷിക്കുന്നതായി വിഡിയോയില്‍ കാണിക്കുന്നില്ല.
അങ്ങേയറ്റം ഭീതിജനിപ്പിക്കുന്ന നരഭോജനത്തിന്‍റെ ചിത്രമാണിതെന്നായിരുന്നു പാപ്പുവ ന്യൂഗിനിയിലെ ആഭ്യന്തര മന്ത്രി പീറ്റര്‍ സിയാമലിലിന്‍റെ പ്രതികരണം. ചിത്രങ്ങള്‍ കണ്ടതിന്‍റെ ആഘാതത്തിലാണ് താന്‍ എന്നും രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഒടുവില്‍ ഇത്തരത്തില്‍ കലാശിച്ചതെന്നും അദ്ദേഹം രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിച്ചു. കഴിഞ്ഞ മാസമാണ് നടുക്കുന്ന ഈ സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരം അപരിഷ്കൃതമായ പ്രവര്‍ത്തികള്‍ കാരണം രാജ്യം നാണംകെടുകയാണെന്നും മൂല്യച്ചുതിയാണ് ഇതിന് കാരണമെന്നും പീറ്റര്‍ പറഞ്ഞു. പാപ്പുവന്യൂഗിനിയിലെ ചില ഗോത്രവര്‍ഗക്കാര്‍ നരഭോജികളായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.