മൂന്നുദിവസമായി വിവിധ ഇടങ്ങളില്‍ ആളിപ്പടര്‍ന്ന കാട്ടുതീയുടെ ഭീതിയിലാണ് ലൊസാഞ്ചലസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിനാശകരമായ കാട്ടുതീയില്‍ 10 പേർ കൊല്ലപ്പെടുകയും പതിനായിരത്തോളം വീടുകളും കെട്ടിടങ്ങളും നശിക്കുകയും ചെയ്തിട്ടുണ്ട്. ലൊസാഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഇതിനകം ചാമ്പലാക്കിയത് 31,000 ഏക്കറാണ്. കത്തിയെരിഞ്ഞവയുടെ കൂട്ടത്തില്‍ ഹോളിവുഡ് താരങ്ങളുടെ ആഡംബര വസതികളും പെടുന്നു.
അമേരിക്കയിലെ വിനോദ കേന്ദ്രമായ ഹോളിവുഡിന്‍റെയും നിരവധി ഹോളിവുഡ് സെലിബ്രിറ്റികളുടെയും ആസ്ഥാനം കൂടിയാണ് ലൊസാഞ്ചലസ്. ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ച കാട്ടുതീ ഹോളിവുഡ് ഹിൽസിനെ സാരമായി ബാധിച്ചിട്ടുണ്ട്. 17 ഹെക്ടർ ഭൂമി ഇതിനകം നശിച്ചു. ഒട്ടേറെ ഹോളിവുഡ് താരങ്ങള്‍ പാര്‍ക്കുന്ന പസഫിക് പാലിസേഡ്‌സിലാണ് കാട്ടുതീ രൂക്ഷം.
76കാരനായ അമേരിക്കൻ ഹാസ്യനടനും 1980കളിലെ ഐതിഹാസിക ചിത്രമായ ‘വെൻ ഹാരി മെറ്റ് സാലി’ താരവുമായ ബില്ലി ക്രിസ്റ്റലിന്‍റെ വസതിയും കാട്ടുതീ വിഴുങ്ങിയ കെട്ടിടങ്ങളില്‍ പെടുന്നു. തങ്ങളുടെ മക്കളുടേയും പേരക്കുട്ടികളുടേയും ബാല്യകാലത്തിന് സാക്ഷ്യം വഹിച്ച വീട് നഷ്ടപ്പെട്ടതിൽ ബില്ലി ക്രിസ്റ്റലും ഭാര്യയും ദുഃഖം രേഖപ്പെടുത്തി. ഹൃദയം തകർന്നുവെന്നാണ് ബുധനാഴ്ച സിഎന്‍എന്നിന് നൽകിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞത്.
ടെക്സസിലെ ഓസ്റ്റിനിൽ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിലായ മാഡ് മാക്സ് താരം മെൽ ഗിബ്സൺ തന്‍റെ വീട് നശിച്ചതായി ന്യൂസ് നേഷനോട് പറഞ്ഞു. മുതിർന്ന നടനായ ജെഫ് ബ്രിഡ്ജസിന്‍റെ മാലിബുവിലെ വീട് തീപിടുത്തത്തിൽ നശിച്ചതായി അദ്ദേഹത്തിന്‍റെ വക്താവിനെ ഉദ്ധരിച്ച് ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോര്‍ട്ട് ചെയ്തു. ടെലിവിഷൻ സെലിബ്രിറ്റിയും സാമൂഹ്യപ്രവർത്തകനുമായ പാരീസ് ഹിൽട്ടണിന്‍റെ വീടും കത്തിനശിച്ചു. താന്‍ തന്‍റെ വീട് കത്തിനശിക്കുന്നത് ടെലിവിഷനിലൂടെ കണ്ടതായും ഹൃദയം തകരുന്ന കാഴ്ചയായിരുന്നു അതെന്നും പാരീസ് ഹിൽട്ടണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘പ്രിൻസസ് ബ്രൈഡ്’ നടന്‍ കാരി എൽവെസിന്‍റെ കുടുംബവീടും കാട്ടുതീയില്‍ നശിച്ചു. ‘ഞങ്ങൾക്ക് വീട് നഷ്ടപ്പെട്ടു, പക്ഷേ ഈ വിനാശകരമായ തീയെ അതിജീവിച്ചതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്’, അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്‍റെ വീട് കത്തിനശിച്ചതായ് ‘ദി ദിസ് ഈസ് അസ്’ താരങ്ങളായ മാൻഡി മൂറും മിലോ വെൻ്റിമിഗ്ലിയും അറിയിച്ചിട്ടുണ്ട്.
അതേസമയം കാട്ടൂതീ വിഴുങ്ങിയവയില്‍ ഗോസിപ്പ് ഗേൾ എന്ന ടെലിവിഷൻ ഷോയിലൂടെ പ്രശസ്തയായ ലെയ്‌ടൺ മീസ്റ്ററിൻ്റെയും ഭർത്താവായ ആദം ബ്രോഡിയുടെയും വീടുകൾ ഉള്‍പ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആൻ്റണി ഹോപ്കിൻസ്, ജോൺ ഗുഡ്മാൻ, മൈൽസ് ടെല്ലർ, അന്ന ഫാരിസ് എന്നിവരുടെ വീടുകള്‍ക്കും തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്‌തതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് സെലിബ്രിറ്റികൾ വീടൊഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. വീട്ടുകാരെ ഒഴിപ്പിക്കാനായെന്നും വീടു കത്തിപ്പോയിട്ടുണ്ടാകാമെന്നും ഹോളിവുഡ് നടന്‍ ജെയിംസ് വുഡ്‌സ് 'എക്‌സി'ല്‍ കുറിച്ചു. തന്റെ വീടും കുട്ടികളുടെ സ്‌കൂളും തങ്ങളുടെ പ്രിയപ്പെട്ട റസ്റ്റോറന്റുകളും അഗ്നിക്കിരയായതായി നടിയും ഗായികയുമായ മാന്‍ഡി മൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ലൊസാഞ്ചലസിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായ ഹോളിവുഡ് ചിഹ്നത്തെ കാട്ടുതീ വിഴുങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗ്രിഫിത്ത് പാർക്കിലാണ് ചിഹ്നം സ്ഥിതി െചയ്യുന്നത്. സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ നിലവില്‍ പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണെന്നും എന്നാല്‍ ഇതുവരെ ലഭിച്ച വിവരങ്ങള്‍ വച്ച് ഹോളിവൂഡ് ചിഹ്നം സുരക്ഷിതമാണെന്നും ഹോളിവുഡ് സൈൻ ട്രസ്റ്റിൻ്റെ ചെയർ ജെഫ് സറീനാം വ്യാഴാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു. പ്രചരിക്കുന്ന ചിത്രങ്ങള്‍ എഐ ചിത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.