ഒടിടി ഉള്ളടക്കത്തിനായി പുതിയ മാർഗനിർദേശം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. അശ്ലീല ദ്യശ്യങ്ങളും ഭാഷയും നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇതിനുളള കരട് തയ്യാറാക്കി, വിപുലമായ കൂടിയാലോചനകള്‍ക്കു ശേഷമെ നടപ്പാക്കൂ.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി കൊണ്ടുവന്ന നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് സർക്കാർ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരുന്നത്. അശ്ലീല ദ്യശ്യങ്ങളും ഭാഷയുമാണ് ഇതിൽ പ്രധാനം. OTT-യിൽ കാണിക്കുന്ന സിനിമകളിലും സീരീസുകളിലുമുള്ള അശ്ലീല സംഭാഷണങ്ങൾ ഒഴിവാക്കാനും കുട്ടികൾക്ക് കാണാന്‍ പാടില്ലാത്ത രംഗങ്ങൾ മങ്ങിയ രീതിയിൽ നൽകാനും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ചേക്കും. ഇവ തിരക്കഥയ്ക്ക് അനിവാര്യമായി വരുന്ന ഘട്ടത്തിൽ എങ്ങിനെ നൽകാമെന്ന കാര്യത്തിൽ ബന്ധപ്പെട്ടവരില്‍നിന്ന് നിർദ്ദേശങ്ങൾ തേടും.
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉള്ളടക്കവും പ്ലാറ്റ്‌ഫോമുകളും നിരീക്ഷിച്ചാകും തുടർനടപടി സ്വീകരിക്കുക. ഈ വർഷം മാർച്ചിൽ, അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്തതിന് 18 OTT പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. ഇന്ത്യൻ നിയമങ്ങൾക്കും സാംസ്കാരിക മാനദണ്ഡങ്ങൾക്കും അനുസൃതമായി സ്ട്രീമിംഗ് വ്യവസായത്തെ നിയന്ത്രിക്കുന്നതിന് മാര്‍ഗനിര്‍ദേശം അനിവാര്യമാണെന്നാണ് സർക്കാർ വിലയിരുത്തല്‍