അമേരിക്കയിലെ ഓറിഗണില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സമരം ശക്തമായി. തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുക, ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കടുത്ത തണുപ്പും കനത്ത മഴയും അവഗണിച്ച് തെരുവില്‍ നിന്നാണ് ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പ്രതിഷേധിക്കുന്നത്. ഓറിഗണിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിനിറങ്ങുന്നത്. നഴ്സുമാരാണ് ഇതില്‍ അധികവും.
ഓറിഗണിലെ 8 പ്രോവിഡന്‍സ് ആശുപത്രികളും സ്റ്റേറ്റ് ഹെല്‍ത്ത് വര്‍ക്കേഴ്സ് യൂണിയന്‍റെ നേതൃത്വത്തില്‍ നഴ്സുമാര്‍ പിക്കറ്റ് ചെയ്തു. ആദ്യമായാണ് ഡോക്ടര്‍മാര്‍ കൂടി ഇത്തരമൊരു സമരത്തില്‍ നേരിട്ട് പങ്കെടുക്കുന്നതെന്ന് ഓറിഗണ്‍ നഴ്സസ് അസോസിയേഷന്‍ യൂണിയന്‍ വ്യക്തമാക്കി. സേവന, വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നത് സംബന്ധിച്ച് ഒരുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
ജീവനക്കാരുടെ എണ്ണക്കുറവ് ആരോഗ്യപ്രവര്‍ത്തകരുടെ ജോലിഭാരം വര്‍ധിപ്പിക്കുക മാത്രമല്ല, രോഗികളുടെ ജീവനുപോലും ഭീഷണിയാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രോവിഡന്‍സ് ആശുപത്രികളുടെ മാനേജ്മെന്‍റിനെതിരെ ഓറിഗണ്‍ ഗവര്‍ണര്‍ ടീന കോടെക് രംഗത്തുവന്നു. തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ സാഹചര്യമുണ്ടായിട്ടും അവര്‍ വിലപ്പെട്ട പത്തുദിവസം പാഴാക്കിയെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. മാനേജ്മെന്‍റുകളും ആരോഗ്യപ്രവര്‍ത്തകരും ചര്‍ച്ച പുനരാരംഭിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
എന്നാല്‍ സമരം നേരിടാന്‍ മുന്നൊരുക്കം നടത്തിയിരുന്ന ആശുപത്രി മാനേജ്മെന്‍റുകള്‍ പെട്ടെന്നൊരു ഒത്തുതീര്‍പ്പിന് തയാറാകുമെന്ന് ഉറപ്പില്ല. പ്രോവിഡന്‍സ് മാത്രം രണ്ടായിരത്തോളം താല്‍ക്കാലിക നഴ്സുമാരെയും മറ്റ് ജീവനക്കാരെയും റിക്രൂട്ട് ചെയ്തിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ സമരത്തിനൊപ്പമെത്തിയതോടെ പ്രതിസന്ധി രൂക്ഷമായി. ആശുപത്രിയില്‍ പുതുതായി രോഗികളെ പ്രവേശിപ്പിക്കുന്നത് കുറച്ചു. നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകളടക്കം മാറ്റിവയ്ക്കേണ്ടിവരുമെന്നാണ് മാനേജ്മെന്‍റുകളുടെ നിലപാട്. എന്നാല്‍ സര്‍ജന്മാരോ എമര്‍ജന്‍സി സേവനങ്ങളിലുള്ള ഡോക്ടര്‍മാരോ സമരത്തില്‍ പങ്കെടുക്കുന്നില്ല.