തെക്കന്‍ ജപ്പാനെ കുലുക്കി ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ക്യൂഷു ദ്വീപിലെ മിയാസാക്കി പ്രിഫെക്ചറിലാണ്. പ്രാദേശിക സമയം രാത്രി 9.19 നാണ് ഭൂചലനമുണ്ടായത്. മിയാസാക്കി, കൊച്ചി പ്രിഫെക്ചറുകളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശത്ത് നിന്ന് മാറി നില്‍ക്കണമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായി കൊച്ചിയിലെ തീരദേശവാസികളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്.
ജാപ്പനീസ് സീസ്മിക് സ്കെയിലിൽ ഭൂചലനത്തിന് അഞ്ചിൽ താഴെ തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, ക്യുഷി മേഖലയിലെ മിയാസാക്കി പ്രിഫെക്ചർ തീരത്ത് നിന്ന് 18 കിലോമീറ്റർ അകലെ 36 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പം നടന്ന് 30 മിനിറ്റിനുള്ളിൽ 20 സെന്‍റീമീറ്ററോളം ഉയരത്തില്‍ സുനാമി എത്തിയതായി എൻഎച്ച്കെ ടിവി റിപ്പോര്‍ട്ട് ചെയ്തു.
2024 ലെ പുതുവത്സര ദിനത്തിൽ നോട്ടോ ഉപദ്വീപിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ദശാബ്ദത്തിനിടെ ജപ്പാനെ ബാധിച്ച ഏറ്റവും വലിയ ഭൂമികുലുക്കത്തില്‍ 470 ഓളം പേരാണ് മരണമടഞ്ഞത്.