fire-tornado

ലൊസാഞ്ചലസില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമ്പോഴും തീനിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലവിലുള്ളതില്‍ ഏറ്റവും തീവ്രമായ പാലിസെയ്ഡ്സ് കാട്ടുതീ ജനവാസകേന്ദ്രത്തിലേക്ക് വ്യാപിക്കാതിരിക്കാന്‍ കഠിനശ്രമം തുടരുകയാണ്. കൗണ്ടിയിലുടനീളം തീ വ്യാപിക്കുകയും വ്യാപക നാശം വിതയ്ക്കുകയും ചെയ്തതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രദേശങ്ങളെ തീ വിഴുങ്ങുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളി‍ല്‍ പ്രചരിക്കുന്നുണ്ട്. പല ദൃശ്യങ്ങളും കാണുന്നവര്‍ക്ക് നാടകീയമായി പോലും തോന്നാം. അത്തരത്തിലൊന്നാണ് ചുഴലിക്കാറ്റിനൊപ്പം ചേര്‍ന്നുണ്ടാകുന്ന ‘തീചുഴലി’യുടെ ദൃശ്യങ്ങള്‍

സാന്താ മോണിക്ക പർവതനിരകളിലെ മൾഹോളണ്ട് ഡ്രൈവിലേക്ക് തീ പടരുമ്പോൾ ഒരു അഗ്നി ചുഴലിക്കാറ്റ് തന്നെ രൂപപ്പെടുന്നതായി സമൂഹമാധ്യമങ്ങളില്‍‌‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. തീയും പ്രക്ഷുബ്ധമായ കാറ്റും ചാരവും പുകയുമെല്ലാം ചേര്‍ന്നൊരു തീചുഴലി. 'ഫയർനാഡോ' എന്നാണ് പൊതുവേ ഈ പ്രതിഭാസം അറിയപ്പെടുന്നത്. കാട്ടുതീ സമയത്ത് പെട്ടെന്ന് ഉയരുന്ന തീവ്രമായ ചൂടാണ് ഈ പ്രതിഭാസത്തിന് കാരണമാകുന്നത്. വെള്ളിയാഴ്ച രാത്രിയോടെ നഗരത്തിലെ സാൻ ഫെർണാണ്ടോ താഴ്‌വരയിലേക്ക് തീജ്വാലകൾ പടർന്ന് എൽഎ കൗണ്ടിയില്‍ കുറഞ്ഞത് ആറ് വലിയ തീപിടുത്തങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

അതേസമയം, ലൊസാഞ്ചലസില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം പതിനാറായി ഉയര്‍ന്നു. നിലവിലുള്ളതില്‍ ഏറ്റവും തീവ്രമായ പാലിസെയ്ഡ്സ് കാട്ടുതീ ജനവാസകേന്ദ്രത്തിലേക്ക് വ്യാപിക്കാതിരിക്കാന്‍ കഠിനശ്രമം തുടരുകയാണ്. കാറ്റിന്‍റെ ശക്തി കുറഞ്ഞതോടെ ഹോളിവുഡ് ഹില്‍സിലേടതടക്കം തീ ശമിപ്പിക്കാനായെങ്കിലും നാലിടങ്ങളില്‍ തീ തുടരുന്നുണ്ട്. മാന്‍ഡിവില്‍ കാന്യോന്‍റെ കിഴക്കോട്ട് തീ പടരുന്നതാണ് പ്രധാന ആശങ്കയെന്ന് ലൊസാഞ്ചലസ് വക്താവ് ജീസസ് റൂയിസ് പറഞ്ഞു. മലയോര പാതയായ ഇന്‍റര്‍സ്റ്റേറ്റ് 405 ന് അടുത്തേക്കെത്തുന്ന കാട്ടുതീ ജനവാസകേന്ദ്രത്തിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഏറ്റവും വലിയ കാട്ടുതീ പടര്‍ന്ന പാലിസെയ്ഡില്‍ 11 ശതമാനവും ഈറ്റണില്‍ 15 ശതമാനവും മാത്രമാണ് തീയണയ്ക്കാനായത്. കെന്നെത് എണ്‍പതും ഹര്‍സ്റ്റ് ‌76 ശതമാനവും ശമിച്ചിട്ടുണ്ട്. ലിഡിയ ഫയര്‍ പൂര്‍മായും അണഞ്ഞിട്ടുണ്ടെന്നും കലിഫോര്‍ണിയ അധികൃതര്‍ വ്യക്തമാക്കി. 37000 ഏക്കര്‍ സ്ഥലമാണ് അഞ്ച് ദിനംകൊണ്ട് കത്തിച്ചാമ്പലായത്. 12000 കെട്ടിടങ്ങള്‍ നശിച്ചു. 15,000 കോടി ഡോളറിന്‍റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, തീപിടിത്തം വായുവിന്‌റെ ഗുണനിലവാരം ഗുരുതരമായി വഷളാക്കുകയും പൊതുജനാരോഗ്യത്തിന് അപകടസാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. പ്രദേശത്തുള്ളവര്‍ വീടിനുള്ളിൽ തന്നെ തുടരാനും ജനലുകളും വാതിലുകളും അടച്ചിടാനും എയർ കണ്ടീഷണറുകൾ ഉപയോഗിച്ച് വായു ഫിൽട്ടർ ചെയ്യാനും നിര്‍ദേശമുണ്ട്. പുറത്ത് പോകേണ്ടി വന്നാൽ മാസ്‌ക് ധരിക്കണം.

ENGLISH SUMMARY:

Los Angeles battles the raging Palisades wildfire, with dramatic visuals of fire tornadoes circulating on social media. Firefighters work tirelessly to prevent the blaze from spreading to residential areas.