പ്രശസ്തനായ ആയുർവേദ ഡോക്ടർ ഹുറൈർ കുട്ടിയെ അനുസ്മരിച്ചുകൊണ്ട് പേരക്കുട്ടിയായ നഹൻ നിയാസ് ഹുറൈർ നടത്തിയ വൈറല്‍ പ്രസംഗം ഫെയ്സ്ബുക്കില്‍ പങ്കിട്ട് മന്ത്രി എംബി രാജേഷ്. ഈ നാലാം ക്ലാസുകാരന്റെ പ്രസംഗം കേൾക്കാൻ നാല് മിനിറ്റ് മാറ്റിവക്കുന്നതു കൊണ്ട് ഒട്ടും നഷ്ടമുണ്ടാവില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ഞാനായിരുന്നു ആ അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടകൻ. ആ പരിപാടിയിൽ ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ പ്രസംഗം ഹുറൈർ കുട്ടി ഡോക്ടറുടെ പേരക്കുട്ടി നഹൻ നിയാസിന്റെതായിരുന്നു. സന്തോഷത്തോടെ അതിവിടെ പങ്കുവെയ്ക്കുന്നു.' – മന്ത്രി എംബി രാജേഷ് കുറിച്ചു.
നഹൻ നിയാസ് ഹുറൈർ നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്തഭാഗം; 'ഞാന്‍ ജനിക്കുംമുന്നേ തന്നെ എന്‍റെ വരവിനായി ഏറെ കൊതിച്ച വ്യക്തിയായിരുന്നു എന്‍റെ ഉപ്പൂപ്പ. പ്രസവസമയത്തുണ്ടായ പ്രശ്നങ്ങള്‍ മൂലം ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാത്ത ദിവസങ്ങളില്‍, അവന്‍ നമ്മുടെ കൂടെ വരും, ഭയപ്പേടേണ്ടെന്ന് പറഞ്ഞയാളാണ് എന്‍റെ ഉപ്പൂപ്പ. ചിരിക്കുന്ന മുഖത്തോടെയല്ലാതെ അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല.
വിങ്ങുന്ന മനസുമായി അദ്ദേഹത്തെ കാണാനെത്തുന്ന രോഗികള്‍ തിരികെ പോകുന്നത് ചിരിച്ചുകളിച്ചായിരിക്കും. ഞാനൊരിക്കല്‍ ഉപ്പുപ്പയോട് ചോദിച്ചു എന്താണിതിന്‍റെ ഇന്ദ്രജാലമെന്ന്. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. എല്ലാവരും ആത്യന്ത്യകമായി ആഗ്രഹിക്കുന്നത് സ്നേഹവും പരിഗണനയുമാണ്. അതുകൊടുത്താല്‍ മാത്രം മതിയെന്ന്. അദ്ദേഹത്തില്‍ നിന്ന് എനിക്ക് പകര്‍ന്ന് കിട്ടിയ ആദ്യപാഠമായിരുന്നു അത്'. – നാലാംക്ലാസുകാരനായ നഹൻ നിയാസ് ഹുറൈർ വ്യക്തമാക്കി.