മാസങ്ങള്‍ നീണ്ട വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ സ്ഥിരീകരിച്ച് യുസ്വേന്ദ്ര ചഹലും ധനശ്രീ വെര്‍മയും. വിവാഹമോചനത്തിനായി സംയുക്ത അപേക്ഷ സമര്‍പ്പിക്കാന്‍ ഇരുവരും മുംബൈ കോടതിയില്‍ എത്തിയിരുന്നു. കഴിഞ്ഞ 18 മാസങ്ങളായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ഇരുവരും കോടതിയെ അറിയിച്ചുവെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമപരമായി വേര്‍പിരിയുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ധനശ്രീ വെര്‍മയുടെ അഭിഭാഷക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
നഷ്ടപരിഹാരമായി 60 കോടി ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ ധനശ്രീയുടെ കുടുംബം തള്ളി. തീര്‍ത്തും അസംബന്ധമാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതെന്നും ഞങ്ങള്‍ പണം ആവശ്യപ്പെടുകയോ, അവര്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും ധനശ്രീയുടെ കുടുംബം വ്യക്തമാക്കി. കുടുംബത്തെ ഇത്തരം വ്യാജപ്രചാരണങ്ങളിലേക്ക് തള്ളിയിടുന്നതില്‍ നിന്ന് ഒഴിയണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
ലോക്ഡൗണ്‍ കാലത്താണ് ചഹലും ധനശ്രീയും സൗഹൃദത്തിലായതും പിന്നീട് വിവാഹിതരായതും. 2020 ഡിസംബര്‍ 22ന് ഗുരുഗ്രാമില്‍ വച്ച് നടന്ന സ്വകാര്യചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ചഹല്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയിട്ടുണ്ടെങ്കിലും ധനശ്രീ ഇതുവരെയും ചിത്രങ്ങള്‍ നീക്കിയിട്ടില്ല.
2022ല്‍ ചഹലിന്‍റെ പേര് ധനശ്രീ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും നീക്കിയിരുന്നു. പിന്നാലെ ധനശ്രീയ്ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ചഹല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കളയുകയും ചെയ്തു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്തുവന്നത്.