USA-CHINA/TIKTOK-REDNOTE
  • 17 കോടി അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന ടിക്ടോക് ആപ് ഞായറാഴ്ച മുതല്‍ ഇല്ല
  • യുഎസ് സുപ്രീംകോടതി വിധിക്ക് കാത്തുനില്‍ക്കാതെ ടിക്ടോക്കിന്‍റെ നീക്കം
  • ടിക്ടോക് നിരോധിച്ച നിയമം 2025 ജനുവരി 19ന് നടപ്പാകും

ടിക്ടോക് നിരോധിച്ച നിയമം നടപ്പാകുന്നതിന് മുന്‍പുതന്നെ യുഎസില്‍ ആപ് പിന്‍വലിക്കാനൊരുങ്ങി കമ്പനി. ഞായറാഴ്ച മുതല്‍ ടിക്ടോക് ആപ് ലഭിക്കില്ലെന്ന് ഇനിയുള്ള ദിവസങ്ങളില്‍ ആപ് തുറക്കുന്ന ഉപയോക്താക്കള്‍ക്ക് പോപ്–അപ് സന്ദേശം ലഭിക്കും. ഇതില്‍ ക്ലിക് ചെയ്താല്‍ നിരോധനത്തിന്‍റെ വിശദാംശങ്ങളുള്ള വെബ്സൈറ്റ് തുറക്കും. ആപ് പിന്‍വലിക്കുന്നതിന് മുന്‍പ് സ്വന്തം ഡേറ്റ പൂര്‍ണമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകുമെന്ന് ‘ദ് ഇന്‍ഫര്‍മേഷന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

FILES-US-CHINA-JUSTICE-TECHNOLOGY-TIKTOK

ആപ്പിളിലും ഗൂഗിള്‍ ആപ് സ്റ്റോറിലും പുതുതായി ടിക്ടോക് ആപ് ഡൗണ്‍ലോഡ് ചെയ്യുന്നത് നിരോധിച്ചാണ് ജോ ബൈഡന്‍ ഭരണകൂടം നിയമം കൊണ്ടുവന്നത്. എന്നാല്‍ ആപ് പൂര്‍ണമായി പിന്‍വലിക്കാനാണ് ടിക്ടോക്കിന്‍റെ തീരുമാനം. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നതാണ് നിയമമെന്ന് ചൂണ്ടിക്കാട്ടി ടിക്ടോക് യുഎസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

എന്തുകൊണ്ട് നിരോധനം? : ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ആപ്പാണ് ടിക് ടോക്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ നേരത്തേ ടിക്ടോക് നിരോധിച്ചിരുന്നു. ഡേറ്റ സുരക്ഷയിലെ ആശങ്ക തന്നെയാണ് യുഎസിലെ നിരോധനത്തിനും കാരണം. വ്യക്തിഗതവിവരങ്ങള്‍, ലൊക്കേഷന്‍ തുടങ്ങിയ സുപ്രധാന ഡേറ്റ ടിക്ടോക് ചൈനീസ് സര്‍ക്കാരിന് കൈമാറാനുള്ള സാധ്യതയാണ് പുതിയ നിയമത്തിന് വഴിയൊരുക്കിയത്. രഹസ്യാന്വേഷണത്തിന്‍റെ ഭാഗമായി ആവശ്യപ്പെട്ടാല്‍ ചൈനീസ് കമ്പനികള്‍ ഇത്തരം ഡേറ്റ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കണമെന്ന് ചൈനയില്‍ നിയമങ്ങളുണ്ട്. 

ടിക്ടോക്കിന്‍റെ കണ്ടന്‍റ് റെക്കമെന്‍റേഷന്‍ സംവിധാനം ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ചൈന ശ്രമിച്ചേക്കുമെന്നാണ് മറ്റൊരു ആശങ്ക. ഇസ്രയേല്‍–ഹമാസ് യുദ്ധം ആരംഭിച്ചശേഷവും പ്രസിഡന്റ് തിരഞ്ഞെടുപ്പിന്‍റെ സമയത്തുമെല്ലാം ഇത് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം ടിക്ടോക് നിഷേധിച്ചു. യഥാര്‍ഥ ഉടമകളായ ബൈറ്റ്ഡാന്‍സുമായുള്ള ബന്ധം പൊതുരംഗത്ത് ചര്‍ച്ചയാകാതിരിക്കാനും അവര്‍ ശ്രദ്ധിച്ചു. ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക് സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് ബൈറ്റ് ഡാന്‍സ്.

നിരോധനം നടപ്പാക്കുന്നത് എങ്ങനെ?: 2025 ജനുവരി 19നകം ടിക്ടോക് അമേരിക്കയിലുള്ള മുഴുവന്‍ ആസ്തിയും വിറ്റൊഴിയണമെന്നാണ് ജോ ബൈഡന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. ഇല്ലെങ്കില്‍ ആപ്പിന് യുഎസില്‍ നിരോധനം വരുമെന്നും നിയമം പറയുന്നു. നിരോധനം നടപ്പാകുന്ന ദിവസം മുതല്‍ ആപ്പിള്‍, ഗൂഗിള്‍ ആപ് സ്റ്റോറുകളില്‍ ടിക്ടോക് ആപ്പിന്‍റെ ഡൗണ്‍ലോഡ് അനുവദിക്കാന്‍ പാടില്ല. അനുവദിച്ചാല്‍ ആപ്പിളിനും ഗൂഗിളിനും വലിയതുക പിഴയൊടുക്കേണ്ടിവരും. ഇന്‍റര്‍നെറ്റ് ഹോസ്റ്റിങ് കമ്പനികള്‍ക്കും ടിക്ടോക് ഡിസ്ട്രിബ്യൂഷന് വിലക്കുണ്ട്.

അമേരിക്കയിലെ ജീവനക്കാര്‍ എന്തുചെയ്യും?: സുപ്രീംകോടതി വിധി എതിരായാലും അമേരിക്കയിലെ ജീവനക്കാരെ നിലനിര്‍ത്താനാണ് ടിക്ടോക്കിന്‍റെ തീരുമാനം. ഇക്കാര്യം ഇന്‍റേണല്‍ മെമോ വഴി കമ്പനിയിലെ ഏഴായിരത്തോളം ജീവനക്കാരെ അറിയിച്ചു. ശമ്പളമോ ആനുകൂല്യങ്ങളോ തൊഴില്‍ സുരക്ഷയോ റദ്ദാക്കപ്പെടില്ലെന്ന് മെമോയില്‍ പറയുന്നു.

അമേരിക്കയില്‍ 17 കോടിയോളം ഉപയോക്താക്കളുള്ള ടിക്ടോക്കിന്‍റെ നിരോധനം പൊതുസമൂഹത്തില്‍ മാത്രമല്ല, ബിസിനസ് രംഗത്തും വലിയ ചലനമുണ്ടാക്കും. നിരോധനത്തിനുള്ള സമയപരിധി നീട്ടണമെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന ട്രംപിന്‍റെ ഒടുവിലത്തെ പ്രസ്താവനയിലാണ് കമ്പനിയുടെയും ജീവനക്കാരുടെയും പ്രതീക്ഷ.

ENGLISH SUMMARY:

TikTok plans to shut off its app for U.S. users on Sunday, when a federal ban on the social media app could come into effect, The Information reported on Tuesday, unless the Supreme Court moves to block it. If TikTok shuts off for all U.S. users, the outcome would be different from that mandated by the law. The law would mandate a ban only on new TikTok downloads on Apple or Google app stores while existing users could still continue using the app for some time.