നിരോധനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ അമേരിക്കയില്‍ ടിക്ടോകിന്‍റെ പ്രവര്‍ത്തനം നിലച്ചു. യുഎസിലുള്ള ആപ്പിള്‍, ഗൂഗിള്‍ പ്ലേസ്റ്റോറുകളില്‍ നിന്ന് ആപ്പ് അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍. 170 മില്യണ്‍ (17 കോടിയോളം) അമേരിക്കക്കാരാണ് ആപ്പ് ഉപയോഗിച്ചുകൊണ്ടിരുന്നത്. 'ടിക്ടോക് നിരോധിക്കുന്നതിനുള്ള നിയമം യുഎസില്‍ നടപ്പിലാകുകയാണ്. ദൗര്‍ഭാഗ്യവശാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ മുതല്‍ ടിക്ടോക് ഉപയോഗിക്കാന്‍ സാധിക്കുകയില്ല' എന്ന സന്ദേശം ഉപയോക്താക്കള്‍ക്ക് കമ്പനി അയയ്ക്കുകയും ചെയ്തു. 'അധികാരമേറ്റാലുടന്‍ ടിക്ടോക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത് ശുഭസൂചനയായാണ് ഞങ്ങള്‍ കാണുന്നത്. അതുവരെ കാത്തിരിക്കൂ'-എന്നും സന്ദേശത്തില്‍ പറയുന്നു. ടിക്ടോകിന് 90 ദിവസത്തേക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കുന്നത് പരിഗണിക്കുകയാണെന്നായിരുന്നു ട്രംപ് നേരത്തെ വ്യക്തമാക്കിയത്. 'തീര്‍ത്തും ആവശ്യമായ കാര്യമായതിനാലാണ്' ടിക്ടോകിന്‍റെ കാലാവധി നീട്ടുന്നതെന്നായിരുന്നു എന്‍ബിസി ന്യൂസിനോട് ട്രംപിന്‍റെ പ്രതികരണം. Also Read: ടിക്ടോക് അമേരിക്കയിലെ ജീവനക്കാരെ പിരിച്ചുവിടില്ല
അതേസമയം, ശനിയാഴ്ച രാത്രിയോടെ ടിക്ടോകില്‍ കയറാന്‍ നോക്കിയ ഉപയോക്താക്കള്‍ക്ക് 'സേവനം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. എത്രയും വേഗം യുഎസിലെ സേവനങ്ങള്‍ പുനരാരംഭിക്കാമെന്ന് കരുതുന്നു' എന്ന സന്ദേശമാണ് ബൈറ്റ്ഡാന്‍സില്‍ നിന്നും ലഭിച്ചത്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പിനെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്കാന്‍ യുഎസ് സുപ്രീംകോടതി അനുമതി നല്‍കിയത്. ടിക്ടോകിന് വിലക്കേര്‍പ്പെടുത്തുന്നതിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ലെന്നും യുഎസ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന സുരക്ഷാഭീഷണികള്‍ ഗൗരവമുള്ളതാണെന്നും കോടതി വ്യക്തമാക്കി.
നിലവില്‍ യുഎസില്‍ എത്ര ഉപയോക്താക്കള്‍ക്ക് ടിക്ടോക് ഉപയോഗിക്കാന്‍ കഴിയുന്നുണ്ട് എന്നതിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല.ആപ്പിലും വെബ്സൈറ്റിലും പലര്‍ക്കും ലോഗ് ഇന്‍ സാധ്യമായിട്ടില്ല.