ഗാസയെ കുറിച്ച് ചോദ്യമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പുറത്താക്കി. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം. 46,000ത്തിലേറെ പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട യുദ്ധത്തെയും അതിനെ താന്‍ കൈകാര്യം ചെയ്ത രീതിയെയും ന്യായീകരിച്ചതോടെയാണ് ബ്ലിങ്കനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ബ്ലിങ്കന്‍ അവസാനമായി നടത്തിയ വാര്‍ത്താസമ്മേളനമായിരുന്നു ഇത്.
സ്വതന്ത്രമാധ്യമ പ്രവര്‍ത്തകനായ സാം ഹുസൈയ്നിയാണ് ബ്ലിങ്കനെ പ്രകോപിപ്പിച്ച ചോദ്യമുയര്‍ത്തിയത്. 'ക്രിമിനല്‍, നിങ്ങളെന്താണ് ഹേഗില്‍ ഇല്ലാതിരുന്നത്' എന്നായിരുന്നു ഹുസൈയ്നിയുടെ ചോദ്യം. ബ്ലിങ്കനെതിരായ വിമര്‍ശനം തുടരുന്നതിനിടെ ഹുസൈയ്നിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ട് പോയി. എടുത്തുയര്‍ത്തിയ ഉദ്യോഗസ്ഥനോട് തനിക്ക് വേദനിക്കുന്നുവെന്നും ഹുസൈയ്നി പറഞ്ഞു. രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ ആസ്ഥാനമാണ് ഹേഗ്.
മേയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ നിലവില്‍ നില്‍ക്കെ ബോംബ് വര്‍ഷം പലസ്തീന് മേല്‍ തുടര്‍ന്നതെന്തുകൊണ്ടാണെന്ന് ഗ്രേ സോണ്‍ എഡിറ്ററായ മാക്സ് ബ്ലമെന്താലും ചോദിച്ചു. യുഎസ് വിദേശകാര്യ നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന മാധ്യമമാണിത്. താന്‍ ബ്ലിങ്കനോട് ചോദ്യം ചോദിക്കുന്നതിന്‍റെ വിഡിയോ എക്സില്‍ ബ്ലമെന്താല്‍ പിന്നീട് പങ്കുവയ്ക്കുകയും ചെയ്തു. 'വംശഹത്യയുടെ സെക്രട്ടറി ബ്ലിങ്കനോടുള്ള എന്‍റെ അവസാന ചോദ്യം' എന്നായിരുന്നു വിഡിയോയ്ക്കൊപ്പം പോസ്റ്റ് ചെയ്തത്. ട്രംപ് സര്‍ക്കാരിന് അധികാരം കൈമാറുന്നതിന്‍റെ ഭാഗമായാണ് ആന്‍റണി ബ്ലിങ്കന്‍ സ്ഥാനമൊഴിഞ്ഞത്.
അതേസമയം, ഇസ്രയേല്‍–ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരും. ഖത്തറിന്‍റെയും യുഎസിന്‍റെയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തലിന് തീരുമാനമായത്. കരാര്‍ അനുസരിച്ച് തടവിലുള്ള ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിക്കും. 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലിന് മേല്‍ മിന്നലാക്രമണം നടത്തിയത്. 1200ലേറെ ഇസ്രയേലികള്‍ അന്ന് കൊല്ലപ്പെട്ടു. 250ലേറെപ്പേരെ ബന്ദികളായി പിടിച്ചുകൊണ്ട് വരികയും ചെയ്തു. ഇതിന് മറുപടിയായി ഇസ്രയേല്‍ യുദ്ധമാരംഭിക്കുകയായിരുന്നു. ഇസ്രയേലിന് യുദ്ധക്കോപ്പുകള്‍ നല്‍കിയതിനും നയതന്ത്ര പിന്തുണ നല്‍കിയതിനും രൂക്ഷ വിമര്‍ശനമാണ് ബ്ലിങ്കന്‍ നേരിട്ടത്.