യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡോണല്‍ഡ് ട്രംപിനോടുള്ള ബിഷപ്പിന്റെ ആദ്യആവശ്യവും മറുപടിയും വൈറലാവുകയാണ്. കുടിയേറ്റക്കാരോടും എല്‍ജിബിടിക്യു സമൂഹത്തോടും ദയ കാണിക്കണമെന്നായിരുന്നു വാഷിങ്ടൻ എപ്പിസ്കോപ്പൽ ബിഷപ് റൈറ്റ് റവ. മരിയാൻ എഡ്‌ഗർ ബുഡ്ഡേ ആവശ്യപ്പെട്ടത്. വളരെ ഗൗരവഭാവത്തോടെയാണ് ബിഷപ്പിന്റെ ആവശ്യങ്ങള്‍ മുന്‍നിരയില്‍ തന്നെയിരുന്ന ട്രംപ് കേട്ടത്.
എന്നാല്‍ ബിഷപ്പിന്റെ അഭ്യര്‍ത്ഥനകള്‍ക്ക് ശേഷം പ്രാര്‍ത്ഥനാ ചടങ്ങുകളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ട്രംപ് നല്‍കിയ മറുപടിയാണ് വൈറലായത്. പ്രാര്‍ത്ഥന അത്ര നല്ലതായിരുന്നില്ലെന്നും അല്‍പം കൂടി മെച്ചപ്പെടേണ്ടതുണ്ടെന്നുമായിരുന്നു ബിഷപ്പിനെ ലക്ഷ്യംവച്ചുള്ള ട്രംപിന്റെ മറുപടി. യുഎസില്‍ പ്രസിഡന്റ് പദവി ഏറ്റെടുത്താല്‍ പിന്നെ ആണും പെണ്ണും മാത്രമേ ഉണ്ടാകൂവെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞതോടെ കുടിയേറ്റക്കാര്‍ക്കെതിരെയും എല്‍ജിബിടിക്യു സമൂഹത്തിനെതിരെയും നയങ്ങള്‍ ഉറപ്പിച്ചതോടെയാണ് ബിഷപ് പ്രത്യേക അഭ്യര്‍ത്ഥന നടത്തിയത്. എല്‍ജിബിടിക്യു സമൂഹത്തിനുള്ള പരിരക്ഷ ട്രംപ് എടുത്തുകളഞ്ഞിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു.
ബിഷപ് സംസാരിക്കുന്നതിനിടെയില്‍ തന്നെ ട്രംപ് അടുത്തിരുന്ന വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനോട് എന്തോ പറയുന്നതും വാന്‍സ് തലകുലുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബിഷപിന്റെ അഭ്യര്‍ത്ഥനക്കെതിരെ റിപ്പബ്ലിക്കന്‍മാര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ,സ്വതന്ത്രരായ മറ്റു സമൂഹങ്ങളിലെയും കുട്ടികളാണ് ഗെ,ലെസ്ബിയൻ,ട്രാൻസ്ജെൻഡർ വിഭാഗങ്ങളിലുള്ളതെന്നും ബിഷപ് പറയുന്നു. ട്രംപുമായി ബിഷപ് ബുഡ്ഡെ നേരത്തേയും ഇടഞ്ഞിട്ടുണ്ട്. ആദ്യ പ്രസിഡന്റ് കാലയളവിൽ ജോർജ് ഫ്ലോയിഡിന്റെ വംശീയ കൊലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു ആദ്യമായി ഇരുവരും കൊമ്പുകോര്‍ത്തത്.