ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ തള്ളിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ നയത്തിനെതിരെ സംസാരിച്ച ബിഷപ്പിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ട്രംപ്. വാഷിങ്ടണ്‍ ബിഷപ് തീവ്ര ഇടതുപക്ഷക്കാരിയാണെന്നും ദേവാലയത്തെ രാഷ്ട്രീയം പറയാനുള്ള വേദിയാക്കി മാറ്റിയെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചു. നയം പുനഃപരിശോധിക്കണെന്നായിരുന്നു പ്രാര്‍ഥനാ ചടങ്ങിനിടെ ബിഷപ് നേരിട്ട് ആവശ്യപ്പെട്ടത്.
ട്രംപും, വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും കുടുംബാംഗങ്ങളുമടക്കം പങ്കെടുത്ത ചടങ്ങിലായിരുന്നു പരാമര്‍ശം. പ്രാര്‍ഥന നല്ലതായിരുന്നുവെന്നും കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്നുവെന്നും ചടങ്ങിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. തുടര്‍ന്നായിരുന്നു സമൂഹമാധ്യമമായ ട്രൂത്തിലൂടെ കനത്ത വിമര്‍ശനമുന്നയിച്ചത്. കടുത്ത ട്രംപ് വിരോധിയാണ് ബിഷപ്പെന്നും വെറുപ്പിന്റെ പരാമര്‍ശമാണ് നടത്തിയതെന്നും ട്രംപ് വിമര്‍ശിച്ചു. പൊതുസമൂഹത്തോട് ബിഷപ് മാപ്പ് പറയണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ബിഷപ്പിന്‍റെ പരാമര്‍ശത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും രംഗത്തെത്തി.