Image Credit: x.com/JasonMBrodsky

മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വീട്ടില്‍ അ‍ജ്‍ഞാതന്‍റെ വെടിയേറ്റ് മരിച്ച നിലയില്‍. കിഴക്കന്‍ ലെബനനിലെ ബെക്കാ വാലി മേഖലയിലെ മച്ച്ഘരയിലുള്ള വീട്ടില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.  ഹമദിക്ക് ആറു തവണ വെടിയേറ്റതായി ടൈസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമദിയെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. 

1985 ല്‍ കിഴക്കന്‍ ജര്‍മനിയില്‍ നിന്നും 153 യാത്രക്കാരുമായി റോമില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് പോയ വിമാനം ഹൈജാക്ക് ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഹമാദി തന്നെയാണ് മരണപ്പെട്ട ഷെയ്ഖ് മുഹമ്മദ് അലി ഹമാദി എന്നാണ് കരുതുന്നത്. ഹമാദി പാകിസ്ഥാനില്‍ നടന്നൊരു സ്ഫോടനത്തില്‍ കൊല്ലപ്പെട്ടെന്നാണ് പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് അവകാശപ്പെട്ടത്. എന്നാല്‍ ഇതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ യുഎസ് ഫെ‍ഡറല്‍ ഏജന്‍സിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ പട്ടികയില്‍ ഹമാദിയെ ഉള്‍പ്പെടുത്തിയിരുന്നു. 

അതേസമയം കൊലപാതകത്തിന് രാഷ്ട്രീയമില്ലെന്നും വര്‍ഷങ്ങളായുള്ള കുടുംബ വഴക്കാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നും  പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ലെബനീസ് അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള 60 ദിവസത്തെ  വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നകിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സംഭവം. കരാറിന്‍റെ ഭാഗമായി തെക്കന്‍ ലെബനനില്‍ നിന്നും ഇസ്രയേല്‍ സൈനികരെ പിന്‍വലിക്കണമെന്നും ഹിസ്ബുല്ല ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്നും ലിറ്റാനി നദിക്ക് വടക്ക് ഭാഗത്തേക്ക് പിൻവാങ്ങണമെന്നുമാണ് കരാർ.

2023 ല്‍ ഹമാസ്– ഇസ്രയേല്‍ യുദ്ധത്തിന് പിന്നാലെയാണ് ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേലുമായി ഹിസ്ബുല്ല സംഘര്‍ഷം ആരംഭിച്ചത്. ഹിസ്ബുല്ല വിതരണ ശ്രംഖല അട്ടിമറിച്ച ഇസ്രയേല്‍, ഹിസ്ബുല്ല പേജറുകളില്‍ സ്ഫോടനം നടത്തി നിരവധി മുന്‍നിര നേതാക്കളെ കൊലപ്പെടുത്തിയിരുന്നു. 

ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം 1.2 ദശലക്ഷം ലെബനന്‍കാരെയും 50,000 ത്തോളം ഇസ്രയേലികളെയുമാണ് അഭയാര്‍ഥികളാക്കിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 3700 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ലെബനന്‍റെ കണക്ക്. 130 പേരാണ് ഇസ്രയേലില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 

ENGLISH SUMMARY:

Sheikh Mohammad Ali Hamadeh, a senior Hezbollah leader, was found dead at his home in Bekaa Valley, Lebanon. Explore the political implications, details of his past, and the ongoing Israel-Hezbollah conflict.