pregnant-lady-usa

യുഎസ് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്കയിലെ ആശുപത്രികളില്‍ ഇന്ത്യക്കാരുടെ ക്യൂ. ഗര്‍ഭിണികളായ ഭാര്യമാരുള്ള ഇന്ത്യന്‍ പൗരന്‍മാരാണ് പ്രസവം നേരത്തെയാക്കാന്‍ ആശുപത്രികളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. യുഎസ് ഭരണഘടനയിലെ 14–ാം ഭേദഗതിയനുസരിച്ച്, അവിടെ ജനിക്കുന്ന ആർക്കും യുഎസ് പൗരത്വത്തിന് അവകാശമുണ്ട്. എന്നാല്‍ ജന്‍മാവകാശ പൗരത്വ വ്യവസ്ഥയ്ക്ക് ഉപാധികൾ ഏർപ്പെടുത്തിയുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവില്‍ ആശങ്കയേറിയതോടെയാണ് ഇന്ത്യക്കാരടക്കമുള്ള മറ്റ് രാജ്യക്കാരുടെ നീക്കം. 

ഭേദഗതി പ്രകാരം ഫെബ്രുവരി 20 മുതൽ അമേരിക്കയില്‍ സ്ഥിരതാമസക്കാരല്ലാത്തവർക്ക് ജനിച്ച കുഞ്ഞുങ്ങൾക്ക് സ്വയമേവ പൗരത്വത്തിന് അർഹതയുണ്ടായിരിക്കില്ല. ഇതാണ് പ്രസവം നേരത്തെയാക്കാന്‍ മറ്റു രാജ്യക്കാരെ പ്രേരിപ്പിച്ചത്. എന്നാല്‍ മാസം തികയാതെ പ്രസവിക്കാനുള്ള ഈ വ്യഗ്രത അമ്മയ്ക്കും കുഞ്ഞിനും അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കും കാരണമാകുമെന്നും ടെക്സസിലെ ഗൈനക്കോളജിസ്റ്റായ ഡോ. എസ്.ജി മുക്കാല പറഞ്ഞു. ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധമായി കുടിയേറിയവരെ മാത്രമല്ല, താൽക്കാലിക വീസയിൽ യുഎസിൽ ഉള്ളവരെയും ഗ്രീൻ കാർഡിനു കാത്തിരിക്കുന്നവരെയും ബാധിക്കും. താൽക്കാലിക തൊഴിൽ വീസകൾ (എച്ച്–1ബി, എൽ1), ആശ്രിത വീസ (എച്ച് 4), പഠന വീസ (എഫ്1), ഇന്റേൺഷിപ്, അധ്യാപന, പരിശീലന സന്ദർശക വീസ (ജെ1), ഹ്രസ്വകാല ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വീസ (ബി1, ബി2) തുടങ്ങിയവ ഉപയോഗിച്ച് യുഎസിൽ കഴിയുന്നവർക്കും ഉത്തരവ് തിരിച്ചടിയാവാം.

ട്രംപിന്‍റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ന്യൂജേഴ്‌സിയിലെ ഒരു മെറ്റേണിറ്റി ക്ലിനിക്കിൽ പ്രി-ടേം ഡെലിവറിക്കായി അസാധാരണമാംവിധം അഭ്യർത്ഥനകൾ ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് അല്ലെങ്കില്‍ ഒന്‍പത് മാസം ഗര്‍ഭിണിയായ സ്ത്രീകളില്‍ മിക്കവരും ക്ലിനിക്കിലെത്തുന്നത് സി-സെക്ഷൻ ഫെബ്രുവരി 20-ന് മുമ്പ് നടത്തണമെന്നാവശ്യപ്പെട്ടിട്ടാണെന്ന് ഡോ എസ്‌ഡി രാമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജന്മാവകാശ പൗരത്വം പ്രതീക്ഷിക്കുന്ന നിരവധി ദമ്പതികൾക്ക്, പ്രത്യേകിച്ച് യുഎസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ആശ്രയമായിരുന്നു നിലവിലുള്ള ഭേദഗതി.

എട്ട് വർഷം മുമ്പ് എച്ച് -1 ബി വിസയിൽ യുഎസിലെത്തിയ പേരുവെളിപ്പെടുത്താനാഗ്രഹിക്കുന്ന ദമ്പതികള്‍ തങ്ങളുടെ കുട്ടി അമേരിക്കയില്‍ ജനിക്കുന്നതിനും ഗ്രീൻ കാർഡിനുമുള്ള കാത്തിരിപ്പിലായിരുന്നെന്ന് ടൈംസിനോട് പറഞ്ഞു. എന്നാല്‍ ഇതാണ് അനിശ്ചതത്വത്തിലായിരിക്കുന്നത്. അതേസമയം അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം നയത്തിലെ മാറ്റം കൂടുതൽ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

1868 ലാണ് ജന്മാവകാശ പൗരത്വ വ്യവസ്ഥ അവതരിപ്പിക്കുന്നത്. അടിമകളായി അമേരിക്കയിലെത്തിയവര്‍ക്ക് പൗരത്വം നിഷേധിക്കപ്പെടുകയും അതിനെ കോടതി അനുകൂലിക്കുകയും ചെയ്തു. ഇതോടെ കുടിയേറ്റക്കാർക്കു ജനിക്കുന്ന മക്കൾക്ക് പൗരത്വം ലഭിക്കില്ലെന്നായി. എന്നാല്‍ അന്ന് സുപ്രീം കോടതി ഇടപെട്ടാണ് യുഎസിൽ ജനിച്ചവർക്ക് യുഎസ് പൗരത്വത്തിന് അവകാശമുണ്ടെന്നു വിധിക്കുന്നത്. ഇന്നാകട്ടെ ‘മാഗാ’ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) അനുകൂലികളില്‍ നിന്നും അമേരിക്കയിലെ കുടിയേറ്റക്കാര്‍ കനത്ത തിരിച്ചടി നേരിടുകയാണ്. അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ക്കും അവര്‍ക്ക് ലഭിക്കേണ്ട വേതനത്തിനും കുടിയേറ്റക്കാര്‍  തുരങ്കം വയ്ക്കുന്നുവെന്നാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്. ഇന്ത്യാക്കാരും ചൈനക്കാരും ഇവിടേക്ക് വരരുത് എന്നാണ് ഇവരുടെ ആവശ്യം.

അതേസമയം ട്രംപിന്‍റെ ഭേദഗതി തടയണമെന്ന ആവശ്യവുമായി അമേരിക്കയിലെ 22 സംസ്ഥാനങ്ങൾ ഇതിനകം നിയമനടപടി ആരംഭിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും സാൻഫ്രാൻസിസ്കോ നഗരവും ഇക്കാര്യവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചു കഴിഞ്ഞു. ട്രംപ് ഇത്തരമൊരു നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചതിനാൽ പലരും നിയമനടപടിക്ക് നേരത്തെ തയാറായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണഘടന ഭേദഗതി ചെയ്യണമെങ്കിൽ കോൺഗ്രസിലും സെനറ്റിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാവണം, നാലിൽ മൂന്നു സംസ്ഥാനങ്ങൾ അംഗീകരിക്കുകയും വേണം.

ENGLISH SUMMARY:

President Trump's executive order to impose conditions on the 14th Amendment's birthright citizenship provision is causing concern among Indians and other foreign nationals.