യെമനിലെ ഹൂതി വിമതരെ വീണ്ടും ഭീകരസംഘടനയായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ബൈഡന്‍റെ തീരുമാനം പിന്‍വലിച്ചു. 2020 ല്‍ ഹൂതി വിമതരെ ഭീകരസംഘടനകളായി പ്രഖ്യാപിച്ച ട്രംപിന്‍റെ തീരുമാനം, ബൈഡന്‍ സ്ഥാനമേറ്റതിന് പിന്നാലെ റദ്ദാക്കുകയായിരുന്നു. അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായാണ് ട്രംപ് വിദേശഭരണാധികാരിയുമായി സംസാരിക്കുന്നത്. ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് ബുധനാഴ്ച അറിയിച്ചു.
‘യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണം’'; റഷ്യയ്ക്ക് മുന്നറിയിപ്പ്
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് കനത്ത നികുതി ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയുമായി സഹകരിക്കുന്ന രാജ്യങ്ങളിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പരിഹാസ്യമായ യുദ്ധം നിര്‍ത്തണമെന്നും അല്ലായെങ്കില്‍ സ്ഥിതി വഷളാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന റഷ്യയ്ക്ക് താന്‍ ഒരു സഹായമാണ് ചെയ്യുന്നതെന്നും ഡോണള്‍ഡ് ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്തില്‍ കുറിച്ചു. കൂടുതല്‍ ജീവനുകള്‍ പൊലിയാതിരിക്കാന്‍ ഉടമ്പടി ഉണ്ടാക്കാന്‍ നിര്‍േദശിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.