TOPICS COVERED

അമേരിക്കന്‍ പ്രസിഡന്റായി തിരിച്ചെത്തിയ ഉടന്‍ ഡോണള്‍ഡ് ട്രംപിന് യൂറോപ്യന്‍ പാര്‍ലമെന്റംഗത്തിന്റെ തെറി വിളി. യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോഴാണ് ആന്റേഴ്സ് വിസ്റ്റിസന്‍ എന്ന ഡാനിഷ് പാര്‍ലമെന്റംഗം ട്രംപിനോട് പോയി തുലയാന്‍ മോശം പ്രയോഗം നടത്തിയത്. ഗ്രീന്‍ലാന്‍ഡ് ദ്വീപ് യു.എസ് ഏറ്റെടുക്കുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് വിസ്റ്റിസനെ ചൊടിപ്പിച്ചത്. 

ഗ്രീന്‍ലാന്‍ഡ് വില്‍പനയ്ക്കു വച്ചിരിക്കുകയല്ലെന്നും 800 വര്‍ഷത്തോളമായി അത് ഡാനിഷ് സാമ്രാജ്യത്തിന്റെ  ഭാഗമാണെന്നും എം.പി. പറഞ്ഞു. ഫ്രാന്‍സില്‍ നടന്ന പാര്‍ലമെന്റ് യോഗത്തിലായിരുന്നു എം.പിയുടെ കടുത്ത പ്രയോഗം. യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് നിക്കോളേ സ്റ്റെഫാനുറ്റ ഉടനടി ഇടപെട്ട് ഇത്തരം ഭാഷാപ്രയോഗങ്ങള്‍ പറ്റില്ലെന്നു തടുത്തെങ്കിലും മറ്റംഗങ്ങള്‍ സ്തബ്ധരായി. 

പിന്നീട് വിസ്റ്റിസന്‍ തന്നെ വീഡിയോ എക്സിലും ഷെയര്‍ ചെയ്തു. ഡെന്‍മാര്‍ക്കിന് ഗ്രീന്‍ലാന്‍ഡിലുള്ള നിയന്ത്രണം ചോദ്യം ചെയ്തതുകൊണ്ടാണ് കടുത്ത പ്രതികരണം നടത്തിയതെന്ന് ന്യായീകരിക്കുകകയും ചെയ്തു.  സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ഏതു കടുത്ത പ്രയോഗത്തിനും മടിക്കാത്ത ട്രംപിന് അതേ നാണയത്തില്‍ തിരിച്ചുകിട്ടിയെന്നു കരുതിയാല്‍ മതിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പൊതുവായ പ്രതികരണം.

ENGLISH SUMMARY:

Donald Trump faces backlash in the European Parliament after Danish MP Anders Vistisen lashes out over Trump's comments on acquiring Greenland. The incident sparks widespread social media reactions.