ടാറ്റൂ ചെയ്യുന്നതിനിടെയുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പ്രമുഖ ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ ഇന്‍ഫ്‌ളുവന്‍സറായ റിക്കാര്‍ഡോ ഗോഡോയ്ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച 12 മണിയോടെയായിരുന്നു അന്ത്യം.
ബ്രസീലിലെ റീവിറ്റലൈറ്റ് ഡേ എന്ന സ്വകാര്യ ആശുപത്രിയിലായിരുന്നു നാല്‍പ്പത്തഞ്ചുകാരനായ റിക്കാര്‍ഡോ ടാറ്റു ചെയ്യാൻ പോയത്. പുറത്ത് ടാറ്റൂ ചെയ്യുന്നതിന് മുന്‍പായി അദ്ദേഹത്തിന് ജനറല്‍ അനസ്തേഷ്യ നല്‍ക്കുന്നതിന്‍റെ ഇടയിലാണ് റിക്കാര്‍ഡോയുടെ ഹൃദയം പെട്ടന്ന് നിലച്ചത്. ഉടന്‍ തന്നെ ചികില്‍സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനസ്‌തെറ്റിക് ഇന്‍ഡക്ഷന്‍, ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥ, ഹൃദയസ്തംഭനം എന്നിവയാണ് മരണകാരണങ്ങളായി ആശുപത്രി റിപ്പോര്‍ട്ടില്‍ പറയുന്നത്. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗവും മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ സ്റ്റിറോയിഡ് ഉപയോഗത്തെക്കുറിച്ചുള്ള വാദം കുടുംബം നിഷേധിച്ചു.
കഴിഞ്ഞ അഞ്ചുമാസത്തിലധികമായി ഇത്തരം പദാര്‍ഥങ്ങള്‍ റിക്കാര്‍ഡോ ഉപയോഗിച്ചിട്ടില്ലെന്നും ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് ആരോഗ്യ പരിശോധനകൾ നടത്തിയിരുന്നുവെന്നും കുടുംബം പൊലീസിനെ അറിയിച്ചു. ആരാധകർ ഏറെയുള്ള സ്‌പോര്‍ട്‌സ് കാര്‍ ഇന്‍ഫ്‌ളുവന്‍സറായിരുന്നു റിക്കാര്‍ഡോ. ആഡംബര കാറുകളുടെ വിൽപന അടക്കമുള്ള ബിസിനസും ഇദ്ദേഹം നടത്തിയിരുന്നു.