താൻ ഗർഭണിയാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയോ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ പങ്കുവച്ചത്. മൂന്നു മാസം വരെ ഇക്കാര്യം സർപ്രൈസ് ആക്കി വയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ, അതിനു മുൻപെ പലരും ഈ ‘വിശേഷം’ ഊഹിച്ചെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തിയിരുന്നു. ആരാധകരുടെ സംശയം ശരിയാണെന്നും താൻ ഗർഭിണിയാണെന്നും ദിയ സ്ഥിരീകരിച്ചു. അമ്മയാവുക എന്നതാണ് തന്റെ വലിയ സ്വപ്നമെന്ന് പലപ്പോഴും ദിയ അഭിമുഖങ്ങളിലും ആരാധകരുമായുള്ള സംവാദങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഗർഭാവസ്ഥയിൽ ദിയ കൃഷ്ണ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് തങ്ങളുടെ ഒപ്പമെന്ന് അമ്മ സിന്ധു കൃഷ്ണ വിഡിയോയിലൂടെ വെളിപ്പെടുത്തുന്നു. ഈ വീട്ടിൽ ദിയയുടെ അച്ഛനമ്മമാരും മൂന്നു സഹോദരിമാരും, അവരുടെ അപ്പച്ചിയും ഉണ്ടാകും. ഈ വീട് ഒഴിഞ്ഞൊരു നേരമില്ല എന്നുവേണം പറയാൻ. അങ്ങനെ ഒഴിയണമെങ്കിൽ, എല്ലാവരും ചേർന്ന് എങ്ങോട്ടെങ്കിലും യാത്രപോകേണ്ടി വരും. ഗർഭിണിയെ പരിപാലിക്കാൻ ഒരു ബറ്റാലിയൻ തന്നെ ഉണ്ടെന്നും സിന്ധു പറയുന്നു.
‘ഓസി വളരെ ഭാഗ്യവതിയാണ്. ഒന്ന് ഛർദിക്കാൻ തുടങ്ങിയാൽ കൂടെപ്പോയി സഹായിക്കാൻ ഒരുപാട് പേരുണ്ട്. മിക്കവാറും നേരം താൻ തന്നെയാകും പിന്നാലെ പോകുക. അല്ലെങ്കിൽ ദിയയുടെ ചേച്ചിയായ അഹാനയോ, അനുജത്തിമാരായ ഇഷാനിയോ, ഹൻസികയോ, അപ്പച്ചിയോ ഒപ്പം ഉണ്ടാവും. ഓക്കാനിക്കുമ്പോൾ മുതുകു തടവാനും മറ്റും ഇതിൽ ആരെങ്കിലും ഒക്കെ ഉണ്ടാകും. താൻ മുതുകു തടവി കൊടുക്കുമെങ്കിൽ, മറ്റൊരാൾ നെഞ്ചു തടവാൻ ഉണ്ടാകും’ ദിയയുടെ അവസ്ഥ മെച്ചപ്പെട്ടു എന്നും, നന്നായി ഭക്ഷണം കഴിക്കുന്നു എന്നും അമ്മ സിന്ധു പറയുന്നു. പോയവർഷം സെപ്റ്റംബർ മാസത്തിലാണ് ദിയ കൃഷ്ണ വിവാഹിതയായത്.