ഗാസ വെടിനിർത്തൽ കരാർ പ്രകാരം ശനിയാഴ്ചയാണ് രണ്ടാം ഘട്ടത്തിലെ ബന്ദികളെ ഹമാസ് മോചിപ്പിച്ചത്. കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ്. നാല് ഇസ്രയേലി സൈനികരെയാണ് രണ്ടാം ഘട്ടത്തില്‍ മോചിപ്പിച്ചത്. കരാര്‍ പ്രകാരം 200 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. സൈനികരെ റെഡ് ക്രോസിന് കൈമാറുന്നതിന് മുന്നോടിയായി ഹമാസ് സൈനിക വിഭാഗം ഗാസ സിറ്റില്‍ ആയിരക്കണക്കിന് പേര്‍ക്ക് മുന്നില്‍ പരേഡ് നടത്തിയിരുന്നു.
അതേസമയം ബന്ദികളയിരുന്നവര്‍ നേരിട്ട പ്രയാസങ്ങള്‍ കാണിക്കുന്നൊരു വിഡിയോ ഇന്ന് ഇസ്രയേല്‍ പങ്കുവച്ചിട്ടുണ്ട്. ബന്ദികളുടെ മോചനത്തിന് സമ്മര്‍ദ്ദം ചെലുത്താന്‍ മേയില്‍ ബന്ദികളുടെ കുടുംബം പുറത്തുവിട്ട വിഡിയോയാണ് ഇസ്രയേല്‍ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. മുഖത്തും വസ്ത്രത്തിലും രക്തം പുരണ്ട നിലയിലാണ് സൈനികര്‍. ഇവരുടെ കൈകള്‍ പിറകിലേക്ക് വലിച്ച് കെട്ടിയിട്ടുമുണ്ട്.
ഇംഗ്ലീഷ് അറിയുന്ന ആരെങ്കിലും ഉണ്ടോ എന്നാണ് ബന്ദിയാക്കപ്പെട്ട സ്ത്രീ പറയുന്നത്. പലസ്തീനിൽ തനിക്ക് സുഹൃത്തുക്കളുണ്ടെന്ന് ബന്ദികളിലൊരാള്‍ ഹമാസിനോട് പറയുന്നു. ഉടനെ നിശബ്ദത പാലിക്കാനാണ് ഹമാസ് ആവശ്യപ്പെടുന്നത്. മറ്റൊരു ബന്ദി ഗാസയിലുള്ള സുഹൃത്തിനെ ഫോണ്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്.
ബന്ദികളെ കൈമാറുന്നതിന് മുന്‍പ് ഹമാസ് നടത്തിയ റാലിയുടെ ദൃശ്യങ്ങളും ഹമാസ് തട്ടികൊണ്ടുപോയ ബന്ദികളുടെ അവസ്ഥ ചിത്രീകരിച്ച വിഡിയോയും രണ്ട് ചിത്രങ്ങളുമാണ് പോസ്റ്റിലുള്ളത്. ഡാനിയേല, കരീന, നാമ എന്നിവരുടെ ചിത്രങ്ങൾ നിങ്ങൾ മറക്കണമെന്ന് ഹമാസ് ആഗ്രഹിക്കുന്നത്. ഇത് ഇനി സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന കുറിപ്പ് സഹിതമാണ് പോസ്റ്റ്.