1. ഡോണള്‍ഡ് ട്രംപ്. 2. ഇസ്രയേല്‍ ബന്ദികളെ കൈമാറുന്നതിന് മുന്‍പ് ഗാസ സിറ്റിയില്‍ പരേഡ് നടത്തുന്ന ഹമാസ് സൈനിക വിഭാഗം.

1. ഡോണള്‍ഡ് ട്രംപ്. 2. ഇസ്രയേല്‍ ബന്ദികളെ കൈമാറുന്നതിന് മുന്‍പ് ഗാസ സിറ്റിയില്‍ പരേഡ് നടത്തുന്ന ഹമാസ് സൈനിക വിഭാഗം.

ഗാസ മുനമ്പില്‍ നിന്നും പലസ്തീനികളെ പൂര്‍ണമായും ഒഴിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ജോര്‍ദാനും ഈജിപ്തും മറ്റു അറബ് രാജ്യങ്ങളും കൂടുതല്‍ പലസ്തീന്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരുമായി  നടത്തിയ 20 മിനിറ്റ് നീണ്ട സെഷനിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.  

ജോർദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി നേരത്തെ ഇക്കാര്യം സംസാരിച്ചിരുന്നതായും ട്രംപ് വ്യക്തമാക്കി. ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുൽ ഫത്താ‌ഹ് എൽ-സിസ്സിയുമായി ഉടനെ ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഒരു മില്യണും പകുതിയും വരുന്ന ആള്‍ക്കാരെ പറ്റിയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. പലസ്തീൻ അഭയാർത്ഥികളെ സ്വീകരിച്ചതിന് ജോർദാനെ അഭിനന്ദിക്കുന്നതായി രാജാവിനോട് പറഞ്ഞു. നിങ്ങൾ കൂടുതൽ ഏറ്റെടുക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നും അറിയിച്ചു' ട്രംപ് പറഞ്ഞു. 

അതേസമയം ട്രംപിന്‍റെ പ്ലാനിനെ ഹമാസ് എതിര്‍ത്തു. പലസ്തീനികളെ ഗാസയില്‍ നിന്നും ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും നാടുകടത്താനുള്ള ട്രംപിന്‍റെ പദ്ധതിയെ എതിര്‍ക്കുമെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് എഫ്പിയോട് പറഞ്ഞു. നൂറ്റാണ്ടുകളായി കുടിയൊഴിപ്പിക്കലിനുള്ള എല്ലാ ശ്രമങ്ങളെ എതിര്‍ത്തവരാണ്, ഇത്തരം ശ്രമങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗ് ബസീം നെയിം പറഞ്ഞു. 

അതേസമയം ഇസ്രയേലിന് 2,000 പൗണ്ട് ബോംബുകള്‍ നല്‍കാന്‍ ട്രംപ് അനുമതി നല്‍കി. മുന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ട്രംപ് നീക്കിയത്. ഇസ്രയേല്‍– ഹമാസ് യുദ്ധത്തിനിടെ ജനങ്ങള്‍ക്കുണ്ടാകുന്ന അപകടം കുറയ്ക്കുന്നതിനാണ് മേയില്‍ ബൈഡന്‍ നിയന്ത്രണം ഏർപ്പെടുത്തിയത്. തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രായേൽ പൂർണരീതിയിലുള്ള സൈനിക ഓപ്പറേഷൻ നടത്തുന്നത് തടയാൻ ലക്ഷ്യമിട്ടായിരുന്നു നീക്കം. യുദ്ധം വെടിനിർത്തലിലേക്ക് നീങ്ങിയപ്പോഴാണ് ബോംബുകള്‍ നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്.  

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായതിന് പിന്നാലെ ഇസ്രയേലും ഹമാസും തമ്മില്‍ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം പുരോഗമിക്കുകയാണ്. ശനിയാഴ്ച നാല് ഇസ്രയേലി ബന്ദികളെയാണ് ഹമാസ് കൈമാറിയത്. പകരം 200 ഹമാസ് തടവുകാരെ ഇസ്രയേലും കൈമാറി. 

ENGLISH SUMMARY: