Image Credit: National Science Foundation/Peter Rejcek
അന്‍റാര്‍ട്ടിക്ക, ഭൂമിയുടെ തെക്കേയറ്റത്ത് മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്ന നാട്! അന്‍റാര്‍ട്ടിക്കയെ കുറിച്ച് ശാസ്ത്രവും ശാസ്ത്രജ്ഞരും പര്യവേഷകരും പഠനങ്ങള്‍ തുടരുമ്പോളും അജ്ഞാതമായി കിടക്കുന്ന രഹസ്യങ്ങള്‍ ഒരുപാടാണ്. മഞ്ഞിന്‍റെ പുതപ്പിനടിയിലെ ഈ അത്ഭുതങ്ങള്‍ തന്നെയാണ് ഇങ്ങോട്ട് ആളുകളെ ആകര്‍ഷിക്കുന്നതും. തണുത്തുറഞ്ഞ അന്‍റാര്‍ട്ടിക്കയില്‍ ഇത്തരത്തില്‍ ആളുകളെ ആകര്‍ഷിക്കുന്ന ഒന്നാണ് ‘ബ്ലഡ് ഫാൾസ്’. ടെയ്‌ലർ ഹിമാനിയിൽ നിന്ന് വെസ്റ്റ് ലേക് ബോണിയിലേക്ക് ഒഴുകുന്ന ചുവന്ന നിറമുള്ള വെള്ളച്ചാട്ടം. എന്നാല്‍ മഞ്ഞിന്‍റെ വെള്ളപ്പുതപ്പിനിടയിലെ ഈ രക്തത്തിന്‍റെ നിറത്തിന് കാരണമെന്താണ്?
ഫോർബ്സ് പറയുന്നതനുസരിച്ച് 1911-ൽ ഭൗമശാസ്ത്രജ്ഞനായ തോമസ് ഗ്രിഫിത്ത് ടെയ്‌ലറാണ് ‘ബ്ലഡ് ഫാൾസ്’ കണ്ടെത്തുന്നത്. അങ്ങിനെയാണ് ഇതിന് ടെയ്‌ലര്‍ വെള്ളച്ചാട്ടമെന്ന പേര് ലഭിക്കുന്നത്. ഈ ചുവപ്പ് നിറം വെള്ളത്തിലെ ചുവന്ന ആൽഗയുടെ അംശം മൂലമാകാം എന്നാണ് ഗവേഷകർ ആദ്യം വിശ്വസിച്ചിരുന്നത്. എന്നാല്‍ ഈ അനുമാനങ്ങളെ മാറ്റി മറയ്ക്കുകയാണ് പുതിയ കണ്ടെത്തല്‍. വെള്ളച്ചാട്ടത്തിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ ഗവേഷണം പറയുന്നത്. ഇത് ഹിമാനിയിൽ നിന്ന് വെള്ളം പുറത്തുവരുമ്പോൾ വായുവിലെ ഓക്സിജനുമായി പ്രതിപ്രവർത്തിക്കുകയും വെള്ളത്തിന് ചുവപ്പ് നിറം നല്‍കുകയും ചെയ്യുന്നു.
എന്നാല്‍ ഈ രക്തത്തിന്‍റെ നിറത്തേക്കാള്‍ ശാസ്‌ത്രജ്ഞരെ അമ്പരപ്പിച്ച മറ്റൊരു കാര്യമുണ്ട്, പ്രദേശത്തെ താപനില ഏതാണ്ട് മൈനസ് 19 ഡിഗ്രി സെൽഷ്യസാണ്. എന്നിട്ടുപോലും ഈ വെള്ളച്ചാട്ടം തണുത്തുറയുന്നില്ല! എന്തുകൊണ്ട്? ഈ ഒഴുകുന്ന ജലത്തില്‍ ഉപ്പിന്‍റെ അംശം വളരെ കൂടുതലാണെന്ന് 2023ല്‍ തന്നെ കണ്ടെത്തിയിരുന്നു. പ്രദേശത്തെ സമുദ്രജലത്തിലുള്ളതിന്‍റെ ഇരട്ടി ഉപ്പാണിത്. ഈ ഉയര്‍ന്ന ഉപ്പിന്‍റെ അംശം ജലത്തിന്‍റെ ഫ്രീസിങ് പോയിന്‍റ് ഉയർത്തുന്നു. അതിനാലാണ് മൈനസ് 19 ഡിഗ്രി സെൽഷ്യസിലും വെള്ളം ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യാന്‍ കാരണം.
അതേസമയം 1.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഉപ്പുവെള്ളം നിറഞ്ഞ തടാകം ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. പിന്നീട് ഹിമാനികള്‍ തടാകത്തിന് മുകളിലേക്ക് നീങ്ങുകയും വര്‍ഷങ്ങളോളം ഇതിനിടയില്‍പ്പെട്ട വെള്ളം മഞ്ഞിലൂടെ പുറത്തേക്കു വരാന്‍ തുടങ്ങുകയും ചെയ്തു. അങ്ങിനെയാണത്രേ ‘ബ്ലഡ് ഫാള്‍സ്’ ഉണ്ടാകുന്നത്.