Image Credit: Scientific Reports (01), AI Generated Image (02)

Image Credit: Scientific Reports (01), AI Generated Image (02)

TOPICS COVERED

യൂറോപ്പിൽ ജീവിച്ചിരുന്ന പുരാതന മനുഷ്യർ മരിച്ചുപോയ തങ്ങളുടെ ശത്രുക്കളുടെ തലച്ചോർ ഭക്ഷിച്ചിരിക്കാമെന്ന് പുതിയ പഠനം. പടിഞ്ഞാറൻ യൂറോപ്പില്‍ ഏകദേശം 17,000 മുതൽ 12,000 വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന മഗ്ദലീനിയൻ സംസ്കാരത്തിൽ നിന്നുള്ള  അസ്ഥികൾ പരിശോധിച്ചതില്‍ നിന്നാണ് ഗവേഷകര്‍ പുതിയ നിഗമനത്തിലെത്തിയത്. മുന്‍പും മഗ്ദലീനിയൻ സംസ്കാരത്തിൽ നരഭോജനം സാധാരണമായിരുന്നുവെന്ന് പഠനങ്ങൾ പുറത്തുവന്നിരുന്നു. എന്നാല്‍ ഇവ പൊതുവേ ശവസംസ്കാര ചടങ്ങുകളുമായോ ആചാരങ്ങളുമായോ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പുതിയ കണ്ടെത്തല്‍ ഒരു യുദ്ധത്തിന്‍റെയോ ആക്രമണത്തിന്‍റെയോ ബാക്കിപത്രമാകാമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

പരിശോധനയില്‍ നീണ്ട അസ്ഥികളില്‍ നിന്ന് മജ്ജയും തലയോട്ടി തുരന്ന് തലച്ചോറും നീക്കം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചത് പ്രത്യേക പരിഗണന നല്‍കിയിട്ടല്ലെന്നും ആചാരാനുഷ്ഠാനങ്ങളോടെ സംസ്കരിച്ചതിന്‍റെ ലക്ഷണങ്ങളില്ലെന്നും പഠനത്തിന്‍റെ രചയിതാക്കളില്‍ ഒരാളായ ഫ്രാൻസെസ്ക് മാർജിനെദാസ് പറയുന്നു. ഇതാണ് ശത്രുക്കളുടെ അസ്ഥികളായിരിക്കാം ഇവ എന്ന നിരീക്ഷണത്തിലേക്ക് ഗവേഷകര്‍ എത്താന്‍ കാരണം. പോളണ്ടിലെ ക്രാക്കോവിനടുത്തുള്ള മാസ്സിക്ക ഗുഹയിൽ കണ്ടെത്തിയ അസ്ഥികളാണ് പഠനത്തിന് വിധേയമാക്കിയത്.

പുരാതന മഗ്ദലീനക്കാർ മൃതദേഹങ്ങളുടെ തലയോട്ടികൾ തകര്‍ക്കുന്നതിന്‍റെ കാരണം വിശദീകരിക്കുന്ന വ്യത്യസ്ത സിദ്ധാന്തങ്ങൾ നിലവിലുണ്ട്. 1990കളില്‍ പുറത്തുവന്ന ഒരു പഠനത്തില്‍ പുരാതന മനുഷ്യർ ശത്രുക്കളുടെ തലച്ചോറ് കഴിച്ചിരുന്നുവെന്ന് പറയുന്നു. എന്നാല്‍ പിന്നീടുള്ള പഠനങ്ങളില്‍ തലയോട്ടികളിൽ മനുഷ്യന്‍റെ പല്ലിന്റെ അടയാളങ്ങളില്ല എന്ന് എടുത്തുകാണിച്ചിരുന്നു. ഇത് ഈ നരഭോജി സിദ്ധാന്തത്തെ ദുർബലപ്പെടുത്തുകയും ചെയ്തു. അതേസമയം നിലവിലെ പഠനത്തില്‍ എല്ലാ തെളിവുകളും ഇത് ആചാരങ്ങളേക്കാള്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഒന്നാണെന്ന് എടുത്തുകാണിക്കുന്നുവെന്ന് അദ്ദേഹം സിഎന്‍എന്നിനോട് പറഞ്ഞു.

ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ ഉപയോഗിച്ച് അസ്ഥികളെ പഠിച്ചപ്പോള്‍ 68% പാടുകളും മുറിവുകളും തിരിച്ചറിയുകയും അവ സ്വാഭാവിക പ്രക്രിയകളിലൂടെയല്ല, മറിച്ച് മനുഷ്യരാണ് സൃഷ്ടിച്ചതെന്ന് തെളിയുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. മുതിർന്നവരും പ്രായപൂർത്തിയാകാത്തവരുമുള്‍പ്പെടെ പത്തോളം വ്യക്തികളുടെ അസ്ഥികളാണ് ലഭിച്ചതെന്നും ഇവര്‍ പരസ്പരം ബന്ധപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറയുന്നു. ഇത് സ്ഥിരീകരിക്കാൻ കൂടുതൽ ഡിഎൻഎ പരിശോധനകള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നരഭോജനമാണെന്ന് 100 ശതമാനം പറയാന്‍ കഴിയില്ലെങ്കിലും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താന്‍ മുഴുവൻ അസ്ഥികളുടെ ടാഫോണമിക് വിശകലനം നടത്തുകയുണ്ടായി. ഇതില്‍ നിന്നും മജ്ജ വേർതിരിച്ചെടുക്കാനും കഴിക്കാനും വേണ്ടി കൈകാലുകളിലെ അസ്ഥികൾ ഒടിച്ചുകളഞ്ഞതായി കണ്ടെത്തിയതായും ഗവേഷകര്‍ വ്യക്തമാക്കുന്നു.

അതേസമയം, പഠനത്തെ പ്രശംസിച്ച് ‘കാനിബലിസം: എ പെർഫെക്റ്റ്ലി നാച്ചുറൽ ഹിസ്റ്ററി’ എന്ന പുസ്തകത്തിന്‍റെ രചയിതാവും ജന്തുശാസ്ത്രജ്ഞനുമായ ബിൽ ഷട്ട് രംഗത്തെത്തി. ‘അന്ന് എന്താണ് നടന്നത് എന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാകും എന്നാല്‍ കൃത്യമായ നിഗമനങ്ങളിലെത്താന്‍ നമുക്ക് വേണ്ടത്ര അറിവില്ല. ഇത് നരഭോജികളുടെ രീതികളാണ്, ഒരുപക്ഷേ ചിലപ്പോള്‍ അവര്‍ മരണശേഷം തലയോട് തകര്‍ത്ത് വൃത്തിയാക്കുന്നത് നല്ലതാണെന്ന് വിശ്വച്ചിരുന്നവരായിരിക്കാം. ഇത്തരം ശവസംസ്കാര രീതികള്‍ നിലനിന്നിരുന്നു’ അദ്ദേഹം സിഎൻഎന്നിനോട് പറഞ്ഞു. ഫ്രാൻസ്, സ്പെയിൻ, പോളണ്ട് എന്നിവിടങ്ങളിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണ് പഠനത്തിന് പിന്നില്‍. സയന്റിഫിക് റിപ്പോർട്ട്സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

A new study suggests that ancient Europeans from the Magdalenian culture may have consumed the brains of their enemies. Researchers analyzed bones from a cave in Poland.