ഇസ്രയേല്‍ സൈന്യം. ഫയല്‍ ചിത്രം.
ഈ വര്‍ഷം ഇറാന്‍റെ ആണവായുധ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി അമേരിക്കന്‍ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് ജോ ബൈഡന്‍റെ കാലത്താണ് ഇത്തരം സാധ്യതകളെ പറ്റി ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് കൈമാറിയതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍റെ മിലട്ടറി കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രയേല്‍ നടത്തിയ വിജയകരമായ ആക്രമണങ്ങളും ഇറാന്‍ പിന്തുണയ്ക്കുന്ന ഹമാസ്, ഹിസ്ബുല്ല എന്നിവരുടെ ശക്തി ക്ഷയിക്കുന്നതും മധ്യേഷ്യയില്‍ വര്‍ധിച്ചുവരുന്ന അസ്ഥിരതയ്ക്ക് കാരണമായെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇറാനെതിരെയായ ഏതൊരു ആക്രമണത്തിനും ഇസ്രയേല്‍ യുഎസിന്‍റെ പിന്തുണ തേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആക്രമണത്തിന്‍റെ സ്വഭാവും സമയവും യുഎസ്–ഇസ്രയേല്‍ കൂടികാഴ്ചയെ അടിസ്ഥാനമാക്കിയാകും. ഗാസയിലെയും ലെബനനിലെയും വെടിനിര്‍ത്തല്‍ കരാറിന്‍റെ സ്ഥിരതയും തീരുമാനത്തെ സ്വാധീനിക്കും. ഇറാന്‍റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കുമ്പോള്‍ ഒന്നിലധികം കേന്ദ്രങ്ങളെ ലക്ഷ്യമിടേണ്ടതുണ്ട്. ചില കേന്ദ്രങ്ങള്‍ ഭൂഗര്‍ഭ ബങ്കറുകളിലാണ്. പെട്ടെന്ന് പുനര്‍നിര്‍മിക്കുന്നത് അടക്കം സമഗ്രമായ ആക്രമണമായിരിക്കണം ഇറാനെതിരെ നടത്തേണ്ടതെന്നും ഇസ്രയേലി അനലിസ്റ്റുകള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
ഇത്തരത്തിലൊരു നീക്കത്തിന് ഇസ്രയേല്‍ ഡോണള്‍ഡ് ട്രംപ് സര്‍ക്കാറിന്‍റെ സഹായം തേടുമെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടിലുണ്ട്. ജോ ബൈഡനേക്കാള്‍ പുതിയ പ്രസിഡന്‍റ് ആക്രമണത്തെ പിന്തുണയ്ക്കുമെന്നാണ് ഇസ്രയേലും കരുതുന്നത്. ഇറാന്‍റെ ആണവകേന്ദ്രങ്ങളുടെ സങ്കീര്‍ണത കണക്കിലെടുക്കുമ്പോള്‍ യുഎസ് സൈനിക പിന്തുണ ആവശ്യമാണെന്നും സൈനിക വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തിന് ശേഷം ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇസ്രയേല്‍ നടപടിക്ക് ഒരുക്കമാണെങ്കിലും തിരിച്ചടികളും കണക്കിലെടുക്കേണ്ടതുണ്ട്. ആണവകേന്ദ്രങ്ങളെ ആക്രമിച്ചാല്‍ നോക്കിയിരിക്കില്ലെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണങ്ങള്‍ ഇതിന്‍റെ സാധ്യത കുറച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.