Photo of YiYi, posted on Chinese Social Media Platforms
ചൈനയിലെ ഷെൻഷെനിൽ പെറ്റ് ബോര്‍ഡിങ് സെന്‍ററില്‍ നിന്ന് രക്ഷപ്പെട്ട വളർത്തുനായയെ സ്വകാര്യ കമ്പനിയിലെ തൊഴിലാളികള്‍ പാചകം ചെയ്ത് കഴിച്ചതായി റിപ്പോര്‍ട്ട്. മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ പോയയാളുടെ ഉടമസ്ഥതയിലുള്ള യി യി എന്ന നായയെയാണ് കറിവച്ച് കഴിച്ചത്. നായയെ പെറ്റ് ബോര്‍ഡിങ് സെന്‍ററില്‍ ഏല്‍പ്പിച്ച ശേഷമായിരുന്നു ഉടമ മാലിദ്വീപിലേക്ക് പോയത്.
ചൈനയുടെ ലൂണാര്‍ ന്യൂ ഇയറിന്‍റെ ഭാഗമായുള്ള വെടിക്കെട്ടിനിടെ പേടിച്ചാണ് ജനുവരി 29 ന് ലിറ്റിൽ ടെയിൽ പെറ്റ് ബോർഡിങ് സെന്ററിൽ നിന്ന് നാല് വയസ്സുള്ള വളര്‍ത്തുനായയെ കാണാതാകുന്നത്. നായയെ കാണാതായതിനെത്തുടർന്ന് ഉടമ എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 5,000 യുവാൻ (ഏകദേശം 6 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ന്വേഷണത്തിനിടെ ലഭിച്ച സിസിടിവിയില്‍ നായ പേടിച്ച് ഹൈവേയിലൂടെ ഓടുന്നതായും വാഹനം ഇടിക്കുന്നതും പതിഞ്ഞിട്ടുണ്ട്. ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയും പിന്നാലെ വന്ന അടുത്തുള്ള കമ്പനിയിലെ തൊഴിലാളികള്‍ നായയെ എടുത്ത് അവരുടെ കമ്പനിയുടെ അടുക്കളയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടർന്ന് നായയെ പാകം ചെയ്ത് എട്ട് ജീവനക്കാർ ചേര്‍ന്ന് പങ്കിട്ട് കഴിക്കുകയായിരുന്നു. സംഭവം കമ്പനിയും ട്രാഫിക് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനിയുടെ ഷെഫിനും ഇതില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നായ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതോടെ ‘നിന്നെ സംരക്ഷിക്കാന്‍ കഴിയാഞ്ഞതില്‍ അതിയായ ദുഖമുണ്ട്... എന്നും നിന്നെ ഓര്‍ക്കും’ എന്ന് ഉടമ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. തെരുവില്‍ അലഞ്ഞുതിരിയുന്ന നായയാണെന്ന് കരുതിയാണ് തൊഴിലാളികള്‍ കറിവച്ച് കഴിച്ചത്, കാറിടിച്ചപ്പോള്‍ തന്നെ നായ കൊല്ലപ്പെട്ടിരുന്നു എന്നും കമ്പനിയുടെ വക്താവ് പറഞ്ഞു. സംഭവത്തില്‍ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കമ്പനിയുടെ കഫറ്റീരിയക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്. 2020-ൽ പൂച്ചകളുടെയും നായ്ക്കളുടെയും ഭക്ഷ്യ ഉപയോഗം നിരോധിച്ച ചൈനയിലെ ആദ്യ നഗരങ്ങളിലൊന്നാണ് ഷെൻഷെൻ.