അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് പഞ്ചാബിലെ അമൃത്സറിലിറിങ്ങും. രണ്ടാം ഘട്ടത്തില്‍ 119 ഇന്ത്യന്‍ കുടിയേറ്റക്കാരാണ് യു എസ് സൈനിക വിമാനം സി–17ല്‍ മടങ്ങിയെത്തുക. ഇവരില്‍ 67 പേരും പഞ്ചാബില്‍ നിന്നുള്ളവാണ്. ഹരിയാനയിൽ നിന്ന് 33ഉം ഗുജറാത്തിൽ നിന്ന് എട്ടും , ഉത്തർപ്രദേശ് നിന്ന് മൂന്നും, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും ഗോവ, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് വിമാനത്തിലുള്ളത്. ഇന്ന് രാത്രി 10 മണിയോടെ വിമാനം അമൃത്സറിലെത്തുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞയാഴ്ച 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ യുഎസിൽ നിന്ന് നാടുകടത്തിയിരുന്നു. അന്നും യുഎസ് മിലിട്ടറി സി-17 ചരക്കുവിമാനത്തിലാണ് ഇവരെ അമൃത്സറിലേക്ക് അയച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം അമേരിക്ക വിടുന്നതുവരെ എല്ലാ ആഴ്ചയിലും നാടുകടത്തല്‍ തുടരുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കുടിയേറ്റമുള്‍പ്പടെയുള്ള സുപ്രധാന ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിലാണ് നാടുകടത്തലുകൾ. അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന പൗരന്മാരെ തിരിച്ചെടുക്കാൻ ഡൽഹി തയ്യാറാണെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി വ്യക്തമാക്കിയുന്നു. യുഎസിൽ അനധികൃതമായി താമസിക്കുന്നവരിൽ ഭൂരിഭാഗവും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ആദ്യസംഘത്തെ വിലങ്ങിട്ട് ഇന്ത്യയിലെത്തിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അനധികൃത കുടിയേറ്റക്കാരോട് മനുഷ്യത്വമില്ലാതെയാണ് അമേരിക്കന്‍ സര്‍ക്കാര്‍ പെരുമാറിയതെന്ന് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ വികാരം അമേരിക്കയെ അറിയിക്കണമെന്നും പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടിരുന്നു.