delta-crash

കാനഡയില്‍ ടൊറന്‍റോ വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസിന്‍റെ വിമാനം ഇടിച്ചിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. നാല് ജീവനക്കാർ ഉൾപ്പെടെ 80 പേരുമായി സഞ്ചരിച്ചിരുന്ന വിമാനമാണ് ഇടിച്ചിറക്കിയത്. വിമാനം തലകീഴായ് മറിയുകയും ചെയ്തു. 18 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. യുഎസിലെ മിനിയപോള്‍സില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 

ലാന്‍ഡിങ് സമയത്തെ ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍  യാത്രക്കാര്‍  വിശദീകരിച്ചു.  വിമാനം തലകീഴായ് മറിഞ്ഞതോടെ ഒരു വവ്വാലിനെപ്പോലെ സീറ്റിൽ നിന്ന് തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് യാത്രക്കാരിലൊരാള്‍ സിഎൻഎന്നിനോട് പറഞ്ഞു. അപകടം സംഭവിക്കുന്ന സമയം യാത്രക്കാർ അവരുടെ സീറ്റുകളിൽ തന്നെ കിടന്നുറങ്ങുകയായിരുന്നു. ഞെട്ടിയുണരുമ്പോള്‍ തലകീഴായ് കിടക്കുകയായിരുന്നു. സീറ്റ് ബെല്‍റ്റ് അഴിച്ചതോടെ താഴേക്ക് വീണു. വിമാനം നിലത്ത് ഇടിച്ച് വശത്തേക്ക് ചരിഞ്ഞതായും യാത്രക്കാരായ  ജോൺ നെൽസണും പീറ്റർ കൂക്കോവും പറഞ്ഞു. അതിശക്തമായി കാറ്റും മഞ്ഞുവീഴ്ചയുമുണ്ടായിരുന്നുവെന്നും ജോൺ പറയുന്നു.

മറ്റുള്ളവരെയും സീറ്റ് ബെല്‍റ്റ് അഴിച്ച് സുരക്ഷിതരായി താഴെ ഇറക്കുവാനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നും ജോണ്‍ വ്യക്തമാക്കി. ഭയന്ന യാത്രക്കാര്‍ക്ക് എങ്ങിനെയെങ്കിലും പുറത്തുകടക്കണം എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിമാനത്തിലെ ജീവനക്കാർ എക്സിറ്റ് വാതില്‍ തുറക്കുകയും യാത്രക്കാരെ റൺവേയിലേക്ക് ഇറങ്ങാന്‍ സഹായിക്കുകയും ചെയ്തു. ലഗേജ് ഉപേക്ഷിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും ചില യാത്രക്കാർ ലഗേജുമായാണ് പുറത്തിറങ്ങിയതെന്നും ഇരുവരും പറയുന്നു. 

രാജ്യത്ത് കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതിന് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് അപകടമുണ്ടായത്. മഞ്ഞുമൂടിയ റൺവേയിൽ വിമാനം ഇടിച്ചുകയറുന്നതിന്‍റെയും വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തലകീഴായി മറിഞ്ഞ വിമാനത്തില്‍ നിന്ന് കറുത്ത പുക ഉയരുന്നതും വിഡിയോയില്‍ കാണാം. ശക്തമായ കാറ്റിനെയും മഞ്ഞിനെയും പ്രതിരോധിക്കാന്‍ കയ്യില്‍ കിട്ടിയ വസ്ത്രമെടുത്ത് ആളുകള്‍ പുറത്തിറങ്ങുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്‍റെ ഫ്യൂസ്‌ലേജിൽ നിന്നാണ് പുക ഉയര്‍ന്നത്. ഉടന്‍തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. 

അപകടത്തില്‍ മറ്റ് വിമാനങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തി യാത്രക്കാരെ ഒഴിപ്പിച്ചതായും ടൊറന്റോ എയർപോർട്ട് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ഫ്ലിന്റ് പറഞ്ഞു. അതേസമയം, അപകടത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെത്തുടർന്ന്  നിര്‍ത്തിവച്ച ടൊറന്റോ വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും രണ്ട് മണിക്കൂറിനു ശേഷം പുനരാരംഭിച്ചു. പല സര്‍വീസുകളും വൈകിയാണ്  പുറപ്പെട്ടത്.

 വിമാനം അപകടത്തില്‍പ്പെട്ടതതായി ഡെൽറ്റ എയർ ലൈൻസും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സഹായിക്കുക എന്നതാണ്   പ്രഥമ ലക്ഷ്യമെന്നും അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാനായി പാസഞ്ചർ എൻക്വയറി സെന്റർ ആരംഭിച്ചിട്ടുണ്ടെന്നും ഡെല്‍റ്റ പ്രസ്താവനയില്‍ അറിയിച്ചു. 1-866-629-4775  എന്ന നമ്പറില്‍ ബന്ധപ്പെടാം. വടക്കേ അമേരിക്കയിലെ തുടര്‍ച്ചയായ വിമാനാപകടങ്ങളുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. ജനുവരി 29ന് യാത്രാവിമാനം സൈനിക കോപ്റ്ററുമായി കൂട്ടിയിടിച്ച് 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി 31ന് ഫിലദെല്‍ഫിയയില്‍ അടുത്ത വിമാനാപകടവും ഉണ്ടായി. നോമിലേക്കുള്ള യാത്രയ്ക്കിടെ അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ യാത്രാവിമാനവും മഞ്ഞുപാളികളില്‍ ഇടിച്ച് തകര്‍ന്നിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായ പത്തുപേരും മരിച്ചിരുന്നു.

ENGLISH SUMMARY:

Shocking footage has emerged of a Delta Airlines plane crash-landing at Toronto Airport, Canada. The aircraft, carrying 80 passengers, including four crew members, flipped upside down upon landing. Eighteen passengers sustained injuries in the accident. The flight, which originated from Minneapolis, USA, encountered severe landing difficulties. Passengers described the terrifying moments of the crash. One traveler told CNN that they were left hanging upside down in their seats "like a bat" after the plane overturned.