Credits: Vogue
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കെതിരെ രംഗത്തെത്തി ടെസ്ല മേധാവിയും വൈറ്റ്ഹൗസ് ഉപദേശകനുമായ ഇലോൺ മസ്ക്. 2022ലെ സെലെൻസ്കിയുടെ ഫോട്ടോഷൂട്ടാണ് വിമര്ശനത്തിന്ന അടിസ്ഥാനം. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ വോഗ് ഫോട്ടോഷൂട്ടിൽ സെലെൻസ്കി പങ്കെടുത്തെന്നാണ് ആരോപണം. വോഗ് കവർ ഫോട്ടോ ഉൾപ്പെടുത്തിയ എക്സിലെ പോസ്റ്റിനുള്ള മറുപടിയായാണ് മസ്കിന്റെ വിമർശനക്കുറിപ്പ്. യുദ്ധഭൂമിയിൽ ഒട്ടേറെ കുട്ടികൾ മരിക്കുന്നതിനിടെയാണ് സെലെൻസ്കി ഫോട്ടോഷൂട്ട് നടത്തിയതെന്നും മസ്ക് വിമര്‍ശിച്ചു.
പ്രശസ്ത ഫൊട്ടോഗ്രഫർ ആനി ലീബോവിറ്റ്സാണ് സെലെൻസ്കിയുടെയും ഭാര്യ ഒലീന സെലെൻസ്കയുടെയും ചിത്രങ്ങൾ ഉൾക്കൊള്ളുന്ന വോഗ് ഫോട്ടോഷൂട്ട് നടത്തിയത്. ‘ധീരതയുടെ ഛായാചിത്രം: യുക്രെയ്നിന്റെ പ്രഥമ വനിത ഒലീന സെലെൻസ്ക’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പുറത്ത് വന്നത്. ഫീച്ചർ യുദ്ധത്തെ അഭിമുഖീകരിക്കുന്ന യുക്രെയ്ൻ ജനതയുടെ പ്രതിരോധശേഷിയും ദൃഢനിശ്ചയവും എടുത്തുകാണിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. പ്രസിഡന്റിന്റെ ഓഫീസില്‍ ഒലേന സെലന്‍സിക്കൊപ്പം ഇരിക്കുന്നതിന്റേയും പട്ടാളക്കാര്‍ക്കൊപ്പം തകര്‍ന്നടിഞ്ഞ നഗരത്തില്‍ നില്‍ക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങളാണ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടത്.
ഇരുപത് വര്‍ഷം നീണ്ട തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും റഷ്യ യുക്രൈനില്‍ ആക്രമണം ആരംഭിച്ചതോടെ മക്കളുമായി പിരിഞ്ഞ് ജീവിക്കേണ്ടി വന്നതിനെ കുറിച്ചുമെല്ലാം ഒലേന വോഗ് മാഗസിന്റെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍ പുറത്തിറങ്ങിയ പതിപ്പിലാണ് അഭിമുഖത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചത്. സെലെൻസ്കിയുടെ ഫോട്ടോഷൂട്ടിനെതിരെ 2022ൽതന്നെ വിമർശനം ഉയർന്നിരുന്നു. യുഎസ് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ലോറൻ ബോബേർട്ട്, ടെക്സസ് കോൺഗ്രസ് അംഗം മായ്റ ഫ്ലോറസ് എന്നിവർ ഫോട്ടോഷൂട്ടിനെ വിമർശിച്ച് രംഗത്തെത്തി. യുഎസ് യുക്രെയ്ന് 6000 കോടി ഡോളർ സഹായം നൽകുമ്പോൾ സെലെൻസ്കി ഫോട്ടോഷൂട്ടിന്റെ തിരക്കിലായിരുന്നു എന്നതായിരുന്നു യുഎസ് കോൺഗ്രസ് പ്രതിനിധികളുടെ വിമർശനം.