elon-musk-trump

ഇലോൺ മസ്കിന്റെ മകൻ മൂക്ക് തുടച്ചതിനു പിന്നാലെ 145 വര്‍ഷം പഴക്കമുള്ള മേശ ഓഫീസില്‍ നിന്ന് മാറ്റി സ്ഥാപിച്ച് ഡൊണാൾഡ് ട്രംപ്.

മുൻ അമേരിക്കൻ പ്രസിഡന്‍റുമാരായ ബറാക്ക് ഒബാമ, ജോ ബൈഡൻ എന്നിവരടക്കം ഉപയോഗിച്ചിരുന്ന, അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ കേന്ദ്രബിന്ദുവായ റെസല്യൂട്ട് ഡെസ്ക് എന്നറിയപ്പെടുന്ന മേശയാണ് മാറ്റി സ്ഥാപിച്ചത്. 

വൈറ്റ് ഹൗസിൽ നടന്ന ഒരു പത്രസമ്മേളനത്തിനിടെ ടെസ്‌ല മേധാവി ഇലോൺ മസ്കിന്റെ ഇളയ മകൻ എക്സ് എഇ എ-12 മൂക്കിൽ വിരൽ വെച്ചതിനു ശേഷം ഈ മേശയിൽ തുടക്കുന്ന ദൃശ്യങ്ങൾ കുറച്ചുദിവസം മുൻപ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇലോൺ മസ്കിനൊപ്പമാണ് നാലു വയസുകാരനായ ഇളയ മകനും എത്തിയത്. മസ്കിന്റെ മകനും ട്രംപും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 

ഈ സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ്  ഓവൽ ഓഫീസിലെ റെസല്യൂട്ട് ഡെസ്ക് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചത്. ഇലോൺ മസ്കിന്റെ മകൻ മൂക്ക് തുടച്ചതിനുശേഷമാണ് മേശ മാറ്റിയത് എന്നാണ് രാജ്യാന്തര  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ട്രംപിന് എല്ലായിടത്തും രോഗാണുക്കളുണ്ട് എന്ന തോന്നലുള്ള ജെർമോഫോബ് അവസ്ഥയുള്ള വ്യക്തിയാണെന്നും ഇതിനാലാണ് മേശ മാറ്റിയെതെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. 

അതേസമയം തിരഞ്ഞെടുപ്പിനുശേഷം ഒരു പ്രസിഡന്റിന് 7 ഡെസ്കുകളിൽ 1 എണ്ണം തിരഞ്ഞെടുക്കാൻ അവസരമുണ്ടെന്നും റെസല്യൂട്ട് ഡെസ്ക് പുതുക്കിപ്പണിയുന്നതിനാൽ പ്രസിഡന്റ് ജോർജ്ജ് എച്ച്ഡബ്ല്യു ബുഷും മറ്റുള്ളവരും ഉപയോഗിച്ചിരുന്നതും വളരെ അറിയപ്പെടുന്നതുമായ “സി & ഒ” എന്ന ഡെസ്ക് വൈറ്റ് ഹൗസിൽ താൽക്കാലികമായി സ്ഥാപിച്ചിരിക്കുന്നെന്നാണ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. എന്തൊക്കെയാണെങ്കിലും ഡസ്ക് മാറ്റത്തിനു പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമല്ല.  

ബ്രിട്ടീഷ് കപ്പലായ എച്ച്എംഎസ് റെസല്യൂട്ടിന്റെ ഓക്ക് തടികൾ കൊണ്ടാണ് റെസല്യൂട്ട് ഡെസ്ക് നിർമ്മിച്ചിരിക്കുന്നത്. 1880-ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ബി. ഹെയ്‌സിന് ഈ ഡെസ്ക് സമ്മാനമായി നൽകി. പ്രസിഡന്റുമാരായ ലിൻഡൺ ബി. ജോൺസൺ, റിച്ചാർഡ് നിക്സൺ, ജെറാൾഡ് ആർ. ഫോർഡ് എന്നിവർ ഒഴികെ മിക്കവാറും എല്ലാ പ്രസിഡന്റുമാരും ഈ മേശ ഉപയോഗിച്ചിട്ടുണ്ട്.

1902-ൽ വെസ്റ്റ് വിംഗിന്റെ നിർമ്മാണത്തിന് മുമ്പ് പ്രസിഡന്റിന്റെ ഓഫീസുകൾ സ്ഥിതിചെയ്തിരുന്ന വൈറ്റ് ഹൗസിന്റെ രണ്ടാം നിലയിലാണ് ഈ മേശ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ജോൺ എഫ്. കെന്നഡി പ്രസിഡന്റായിരുന്ന കാലത്താണ് ഓവൽ ഓഫീസിൽ ഈ മേശ ആദ്യമായി ഉപയോഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്.