Attorney General Pam Bondi swears in the new Federal Bureau of Investigation Director Kash Patel as his girlfriend Alexis Wilkins holds the Bhagavad Gita in the Indian Treaty Room in the Eisenhower Executive Office Building on February 21, 2025 in Washington, DC
മുൻ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേല്‍ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഡയറക്ടറായി സ്ഥാനമേറ്റു. ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് കാഷ് സ്ഥാനമേറ്റെടുത്തത്. ഇതോടെ എഫ്ബിഐയെ നയിക്കുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ വംശജനായി മാറിയിരിക്കുകയാണ് അദ്ദേഹം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തത്.
എഫ്ബിഐയുടെ ഒന്‍പതാമത്തെ ഡയറക്ടറാണ് കാഷ് പട്ടേല്‍. സത്യപ്രതിജ്ഞാ ചടങ്ങില്‍ എഫ്ബിഐയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പിന്തുണ എടുത്തു പറഞ്ഞ യുഎസ് പ്രസിഡന്റ് ട്രംപ് നിയമനത്തെ പ്രശംസിക്കാനും മറന്നില്ല. ‘അദ്ദേഹത്തെ നിയമിക്കുന്നതിനുള്ള കാരണം ഏജന്റുമാർക്കിടയില്‍ അദ്ദേഹത്തിനുള്ള ബഹുമാനമാണ്. ആ സ്ഥാനത്ത് എക്കാലവും അദ്ദേഹം മികച്ച തലവനായി തുടരും’ ട്രംപ് പ്രതീക്ഷ പങ്കുവച്ചു.
വ്യാഴാഴ്ചയാണ് സെനറ്റ് കാഷ് പട്ടേലിനെ തിരഞ്ഞെടുത്തത്. 51 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പട്ടേലിനെ തിരഞ്ഞെടുത്തത്. രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കോളിൻസും ലിസ മുർകോവ്സ്കിയും നിയമനത്തെ എതിർക്കുന്നതിൽ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നു.
ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായ കാഷ് പട്ടേൽ യുഎസ് രഹസ്യാനേഷണ ഏജൻസി സിഐഎയുടെ തലപ്പത്ത് എത്തുമെന്നു സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് എഫ്ബിഐ ഡയറക്ടറായി നിയമനം. കഴിഞ്ഞ ട്രംപ് സർക്കാരിൽ വിവിധ ഇന്റലിജൻസ് വകുപ്പുകളുടെ മേധാവി ആയിരുന്ന അദ്ദേഹം ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവമായിരുന്നു. റിച്ച്മണ്ട് സർവകലാശാലയിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിൽനിന്നു രാജ്യാന്തര നിമയത്തിൽ ബിരുദവും നേടിയിട്ടുണ്ട്.