Image Credit: x.com/krassenstein
തിങ്കളാഴ്ച അമേരിക്കയുടെ ഭവന, നഗര വികസന വകുപ്പിന്‍റെ ഓഫീസിലെത്തിയവര്‍ ഞെട്ടി! ഓഫീസിലെ സ്ക്രീനുകളിലാകെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇലോണ്‍ മസ്കിന്‍റെ കാലുകള്‍ ചുംബിക്കുന്ന വിഡിയോ! പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ജീവനക്കാർക്ക് വിഡിയോ പ്ലേ ചെയ്യുന്നത് നിര്‍ത്താന്‍ സാധിച്ചില്ല. ഒടുവില്‍ ജീവനക്കാര്‍ മോണിറ്ററുകളുടെ പ്ലഗുകള്‍ ഊരിമാറ്റുകയായിരുന്നു എന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
ട്രംപും മസ്കും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ച് ‘യഥാർത്ഥ രാജാവ് നീണാൾ വാഴട്ടെ’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ ന്യൂയോർക്ക് നഗരത്തിലെ കൺജഷൻ പ്രൈസിങ് എന്നറിയപ്പെടുന്ന വിവാദമായ മൻഹാറ്റൻ ടോൾ പ്രോഗ്രാം പിന്‍വലിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. സ്വയം രാജാവ് എന്ന് വിശേഷിപ്പിച്ച് ‘രാജാവ് നീണാൾ വാഴട്ടെ’ എന്നു തന്നെയായിരുന്നു ട്രംപിന്‍റെ പോസ്റ്റും. ഇതിനു പിന്നാലെയാണ് ഡീപ് ഫെയ്ക് വിഡിയോ എത്തിയത്. ഡീപ് ഫെയ്ക് വിഡിയോ ആണെങ്കില്‍ പോലും ഇതെങ്ങിനെ ഓഫീസിലെ സ്ക്രീനില്‍ വന്നു എന്നാലോചിച്ച് തലപുകയ്ക്കുകയാണ് ഭരണകൂടം.
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്. സംഭവത്തില്‍ അന്വേഷണവും നടക്കുന്നുണ്ട്. സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം, സൈബർ സുരക്ഷാ ലംഘനമാണോ അതോ ആരുടെയെങ്കിലും സ്റ്റണ്ടാണോ എന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അപ്പോഴും വിഡിയോയുടെ ഉറവിടം അജ്ഞാതമായി തുടരുന്നു. അതേസമയം സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭവന, നഗര വികസന വകുപ്പിന്‍റെ വക്താവ് കാസി ലോവെറ്റ് ബിസിനസ് ഇൻസൈഡറിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ഡൊണാൾഡ് ട്രംപിന്‍റെ വിശ്വസ്തവൃന്ദത്തില്‍ പ്രമുഖനാണ് ഇലോൺ മസ്‌ക്. ട്രംപ് വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (ഡോഗ്) തലവനായി മസ്ക് നിയമിതനായിരുന്നു. പിന്നാലെ മസ്ക് ബജറ്റ് വെട്ടിക്കുറയ്ക്കുകയും ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. പിന്നാലെ ഒരാഴ്ച്ച ജോലിയിൽ എന്ത് നേട്ടം കൈവരിച്ചു എന്ന് വ്യക്തമാക്കിയ ശേഷം വീക്കെൻഡ് ആഘോഷിച്ചാൽ മതിയെന്നും ജീവനക്കാരോട് മസ്ക് നിര്‍ദേശിച്ചിരുന്നു. മറുപടി കിട്ടിയില്ലെങ്കിൽ രാജി വച്ചതായി കണക്കാക്കുമെന്നായിരുന്നു ഭീഷണി.
യുഎസ് പ്രസിഡന്റിനു മേലുള്ള മാസ്കിന്‍റെ സ്വാധീനത്തെക്കുറിച്ച് ആശങ്കകളും ചോദ്യങ്ങളും ഉയരുന്നതിനിടെയാണ് പുതിയ വിഡിയോ. തിരഞ്ഞെടുക്കപ്പെട്ട ഒരു ഉദ്യോഗസ്ഥനല്ലെങ്കില്‍പ്പോലും അമേരിക്കയുടെ ഔദ്യോഗിക വിഷയങ്ങളിലുള്ള മസ്കിന്‍റെ 'അമിത സ്വാധീന'ത്തെക്കുറിച്ച് ഇതിനോടകം ആളുകള്‍ ആശങ്കകള്‍ ഉമന്നയിച്ചിട്ടുണ്ട്. നേരത്തെ മസ്‌കിന്റെ കൂട്ടാളികളുടെ സംഘം വാഷിംഗ്ടൺ ഡിസിയിലെ യുഎസ്എഐഡി ആസ്ഥാനത്ത് രഹസ്യവും സെൻസിറ്റീവുമായ രേഖകൾ സൂക്ഷിക്കുന്ന മുറി ഉള്‍പ്പെടെയുള്ള ഏജൻസിയുടെ ഓഫീസുകളിലേക്ക് പ്രവേശനം ആവശ്യപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു.