Image Credit: X/@sanj_onhunt ·
അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുകയും ഹമാസിനെ പിന്തുണയ്ക്കുകയും ചെയ്തു എന്നാരോപിച്ചാണ് കൊളംബിയ സര്‍വകലാശാലയിലെ ഇന്ത്യന്‍ ഗവേഷകയായിരുന്ന രഞ്ജനി ശ്രീനിവാസിന്‍റെ വീസ യുഎസ് റദ്ദാക്കിയത്. യുഎസ് നടപടിക്ക് പിന്നാലെ രഞ്ജനി സ്വമേധയ രാജ്യം വിടുകയായിരുന്നു. അറസ്റ്റിനുള്ള ശ്രമങ്ങള്‍ക്ക് തൊട്ടുമുന്‍പാണ് മുന്‍പാണ് ഇന്ത്യന്‍ വിദ്യാര്‍ഥിനി രാജ്യം വിട്ടത്. അന്തരീക്ഷം വളരെ അസ്ഥിരവും അപകടകരവുമായതിനാല്‍ പെട്ടന്ന് തീരുമാനമെടുക്കുകയായിരുന്നു എന്നാണ് രഞ്ജനി ന്യൂയോര്‍ക്ക് ടൈസിനോട് പറഞ്ഞത്.
കൊളംബിയ സര്‍വകലാശാലയുടെ അപ്പാര്‍ട്ട്മെന്‍റില്‍ പല തവണകളായാണ് ഫെഡറല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ രഞ്ജനിയെ തേടിയെത്തിയത്. മാര്‍ച്ച് ഏഴിന് ഫെഡറല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ വീട്ടിലെത്തിയെങ്കിലും ആദ്യ ദിവസം രഞ്ജനി വീട്ടിലുണ്ടായിരുന്നില്ല. സാധുവായ വീസയില്ലാത്ത വിദ്യാര്‍ഥിയെ തേടി എത്തിയെന്നാണ് അവര്‍ വ്യക്തമാക്കിയത്. ഒപ്പം താമസിക്കുന്ന ക്യാംപസിലെ വിദ്യാര്‍ഥി വാതില്‍ തുറക്കാന്‍ സമ്മതിച്ചിരുന്നില്ല. പൊലീസ് എന്നാണ് ഇവര്‍ വിദ്യാര്‍ഥിയോട് പറഞ്ഞത്.
തൊട്ടടുത്ത ദിവസം രാത്രി സര്‍വകലാശാല വിദ്യാര്‍ഥിയായ മുഹമ്മദ് ഖലീലിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഇമിഗ്രേഷന്‍ അധികൃതര്‍ വീണ്ടും രഞ്ജനിയുടെ താമസ സ്ഥലത്തെത്തി. അറസ്റ്റിനുള്ള ശ്രമങ്ങളുമായി അധികൃതരെത്തും മുന്‍പാണ് അന്ന് രാത്രി രാജ്യം വിടാന്‍ രഞ്ജനി തീരുമാനിച്ചത്. ലാഗ്വാർഡിയ വിമാനത്താവളത്തിൽ നിന്നും കാനഡയിലേക്കാണ് വിദ്യാര്‍ഥിനി മടങ്ങിയത്. ജുഡീഷ്യൽ വാറണ്ടുമായാണ് അന്ന് രാത്രി എമിഗ്രേഷന്‍ അധികൃതര്‍ എത്തിയത്.
കഴിഞ്ഞ വർഷം കൊളംബിയ കാംപസിൽ നടന്ന പലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെയുണ്ടായ സംഭവത്തിൽ നിന്നാണ് രഞ്ജനിയുടെ വീസ റദ്ദാക്കലിലേക്ക് അടക്കം എത്തിയതെന്നാണ് വിവരം. സുഹൃത്തുക്കളോടൊപ്പം ഒരു ദിവസം ചെലവഴിച്ച ശേഷം താമസ സ്ഥലത്തേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സർവകലാശാലാ ഗ്രൗണ്ടിന്റെ പ്രവേശന കവാടത്തിന് സമീപം വെച്ച് രഞ്ജനി അറസ്റ്റിലാവുകയായിരുന്നു.
പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയപ്പോള്‍ അപ്പാര്‍ട്ട്മെന്‍റിലേക്ക് തിരികെ വരിയായിരുന്ന രഞ്ജനിയും അറസ്റ്റിലായി. അന്ന് 100 ലധികം പേരുടെ കൂടെയായിരുന്നു അറസ്റ്റ്. ഗതാഗത തടസം സൃഷ്ടിച്ചതിനും പിരിഞ്ഞു പോകാന്‍ വിസമ്മിച്ചതിനുമായി രണ്ട് സമന്‍സുകളാണ് അന്ന് ലഭിച്ചത്. എന്നാല്‍ കേസ് പെട്ടന്ന് തള്ളികളഞ്ഞതിനാല്‍ സ്റ്റുഡന്‍ഡ് വിസ പുതുക്കുന്ന സമയത്ത് ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. "ഒരുപക്ഷേ അത് എന്റെ തെറ്റായിരിക്കാം," വിവരം നല്‍കേണ്ടത് ആവശ്യമാണെന്ന് മനസ്സിലായിരുന്നെങ്കിൽ തയ്യാറാകുമായിരുന്നുവെന്നും രഞ്ജനി പറയുന്നു.
ഇസ്രയേല്‍ സര്‍ക്കാര്‍ ഗാസയില്‍ നടത്തുന്ന നടപടികളെ വിമര്‍ശിക്കുന്ന ചില കണ്ടന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്‍റെ പേരിലാണ് നടപടിയെന്നാണ് ലീഗല്‍ ടീം പറയുന്നത്.
മാര്‍ച്ച് അഞ്ചിന് ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ നിന്നാണ് വിസ റദ്ദാക്കിയ വിവരം ഇ–മെയിലായി ലഭിക്കുന്നത്. കാരണം വ്യക്തമാക്കാതെയായിരുന്നു ഇ–മെയില്‍. കൊളംബിയ സര്‍വകലാശാലയിലെ ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍സ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ രാജ്യം വിട്ടാല്‍ മാത്രമെ വിസ റദ്ദാക്കിയത് സാധുവാകൂ എന്നായിരുന്നു മറുപടി. എന്നാല്‍ മാര്‍ച്ച് 14 ന് എന്‍റോള്‍മെന്‍റ് റദ്ദാക്കി എന്ന് സര്‍വകലാശാലയില്‍ നിന്നും ഇ–മെയില്‍ ലഭിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി ചെയ്തുകൊണ്ടിരിക്കുന്ന ഗവേഷണം പൂർത്തിയാക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലെന്ന് രഞ്ജനി പറയുന്നു. ഈ വർഷം ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രവേശനം റദ്ദാക്കിയതിന് സർവകലാശാല വിശദീകരണം നൽകിയിട്ടില്ലെന്നും രഞ്ജനി കൂട്ടിച്ചേര്‍ത്തു. രഞ്ജനി ഇന്ത്യയിലേക്ക് മടങ്ങുമോ എന്നതിലും അടുത്ത നടപടികൾ എന്തായിരിക്കുമെതിലും വ്യക്തതയില്ല.