TOPICS COVERED

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലയില്‍ നേരിയ പുരോഗതി. ന്യൂമോണിയ ബാധയില്‍ നേരിയ മാറ്റം സി.ടി സ്കാനില്‍ വ്യക്തമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൃക്കകളുടെ പ്രവര്‍ത്തനത്തിലുണ്ടായ പ്രശ്നം പരിഹരിക്കപ്പെട്ടെന്നും വത്തിക്കാന്‍ അറിയിച്ചു. 

റോമിലെ ജമേലി ആശുപത്രിയില്‍ ചികില്‍സ രണ്ടാഴ്ച പിന്നിടുമ്പോള്‍ മാര്‍പാപ്പയുടെ നില ആശങ്കാജനകമായി തുടരുകയാണ്. ശ്വാസം മുട്ടലിന് ഓക്സിജന്‍ തെറപ്പി തുടരുന്നതിനൊപ്പം ആദ്യമായി ഇന്നലെ ഫിസിയോതെറപ്പിയും നടത്തിയെന്ന് വത്തിക്കാന്‍ അറിയിച്ചു.  കസേരയിലിരുന്നാണ് ഫിസിയോ തെറപ്പിക്ക് വിധേയനായത്. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ കടുത്ത ശ്വാസംമുട്ടലിനുശേഷം ഗുരുതരമായ സ്ഥിതി ഉണ്ടായിട്ടില്ല.  എങ്കിലും എണ്‍‍പത്തെട്ടുകാരനായ പാപ്പയുടെ സ്ഥിതി പ്രവചനാതീതമെന്ന് വത്തിക്കാന്‍ അറിയിച്ചു. 

ഇന്നലെയും  കുര്‍ബാന സ്വീകരിച്ച പാപ്പ ഔദ്യോഗിക കാര്യങ്ങളിലും ശ്രദ്ധിച്ചു. നാല് പുതിയ ബിഷപ്പുമാരെ നിയമിച്ച പാപ്പ വത്തിക്കാനായുള്ള ധനശേഖരത്തിനുള്ള നടപടികള്‍ക്കും അംഗീകാരം നല്‍കി. മാര്‍പാപ്പയുടെ സുഖപ്രാപ്തിക്കായി പ്രാര്‍ഥനകളും ആശംസകളുമായി  വിശ്വാസികള്‍ ജമേലി ആശുപത്രിക്ക് എത്തുകയാണ്. വത്തിക്കാനില്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തിലും പ്രാര്‍ഥനകള്‍ നടന്നു

ENGLISH SUMMARY:

Pope Francis is showing slight improvement while undergoing treatment for a lung infection. Doctors confirmed that a CT scan revealed a minor change in his pneumonia condition. The Vatican also stated that the kidney-related issue has been resolved.