Tulsi Gabbard | Director of National Intelligence | USA
അമേരിക്കയില്‍ സര്‍ക്കാറിന്‍റെ രഹസ്യ സ്വഭാവമുള്ള പ്ലാറ്റ്ഫോമില്‍ സെക്സ് ചാറ്റില്‍ ഏര്‍പ്പെട്ട 100 ലധികം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പുറത്താക്കിയതായി നാഷണൽ ഇന്റലിജൻസ് ഡയറക്ടര്‍ (ഡിഎൻഐ). രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തിനും ജോലിസംബന്ധവും വളരെ സെൻസിറ്റീവുമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌ത ഇന്റലിങ്ക് എന്ന പ്ലാറ്റ്ഫോമിലാണ് സെക്സ് ചാറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്‌എ) ആണ് ഏറെ സുരക്ഷയുള്ള പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്നത്.
സംഭവിച്ചത് കടുത്ത വിശ്വാസ ലംഘനവും പ്രൊഫഷണലിസത്തെ തകര്‍ക്കുന്നതുമാണെന്ന് ഡിഎന്‍ഐ ഡയറക്ടർ തുളസി ഗബ്ബാർഡ് പറഞ്ഞു. സെക്സ് ചാറ്റ് പോലുള്ളവയ്ക്ക് എൻഎസ്‌എ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നിടത്തോളം കാര്യങ്ങളെത്തി. ഇതില്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാരെയും പിരിച്ചുവിടുമെന്നും തുളസി ഗബ്ബാർഡ് പറയുന്നു. ഫോക്സ് ന്യൂസിന്റെ ജെസ്സി വാട്ടേഴ്‌സ് പ്രൈംടൈമിലായിരുന്നു പ്രതികരണം. സംഭവം രഹസ്യാന്വേഷണ ഏജൻസികളുടെ പ്രൊഫഷണലിസം, സുരക്ഷ, രാഷ്ട്രീയവൽക്കരണം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. സിറ്റി ജേണലില്‍ ഇന്റലിങ്കിലെ ചാറ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിന്നാലെ സംഭാഷണങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ എല്ലാ ഇന്റലിജൻസ് ഏജൻസികൾക്കും നിർദ്ദേശം നല്‍കുകയായിരുന്നു. സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം പരിഹരിക്കുന്നതിനായി ആഭ്യന്തര അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് എൻഎസ്എ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
അനാവശ്യ സംഭാഷണങ്ങള്‍ നടന്നെന്ന് സ്ഥിരീകരിച്ചതോടെ 15 വ്യത്യസ്ത ഏജൻസികളിൽ നിന്നുള്ള 100 ലധികം ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉടനടി പിരിച്ചുവിടുകയും അവരുടെ ആക്സസുകള്‍ റദ്ദാക്കുകയും ചെയ്തു. ഇന്റലിജൻസ് ബ്യൂറോകളില്‍ രാഷ്ട്രീയ പക്ഷപാതവും അഴിമതിയും ആരോപിച്ച്, ഏജന്‍സികള്‍ ശുദ്ധീകരിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കിടയിലാണ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ പുതിയ നീക്കം.
സംഭവത്തില്‍ ഇന്റലിജൻസ് പ്രൊഫഷണലുകൾ, രാഷ്ട്രീയക്കാർ തുടങ്ങി രാജ്യത്തിന്‍റെ വിത്യസ്ത തുറകളില്‍ നിന്നുള്ളവരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ പുറത്താക്കലിനെ ആവശ്യമായ തിരുത്തലായി കാണക്കാക്കുന്നു. ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്കുള്ളില്‍ പ്രൊഫഷണലിസം തിരികെകൊണ്ടുവരുന്നതിനും ദുരുപയോഗം തടയുന്നതിനും നടപടി ആവശ്യമാണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. അതേസമയം ഇന്‍റലിജന്‍സ് ഏജന്‍സികളിലെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നടപടികളാണിതെന്നും വിമര്‍ശനമുണ്ട്. എന്നിരുന്നാലും സംഭവത്തില്‍ എൻഎസ്‌എയും മറ്റ് ഇന്റലിജൻസ് ഏജൻസികളും ആഭ്യന്തര അന്വേഷണങ്ങൾ തുടരുകയാണ്. കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമോ എന്ന് വ്യക്തമല്ലെങ്കിലും പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെ നിയമപരമായി നേരിടാനും സാധ്യതയുണ്ട്.