20 വർഷമായി രണ്ടാനമ്മ  മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്ന യുവാവ്, വീടിന് തീയിട്ട ശേഷം രക്ഷപ്പെട്ടു.

അമേരിക്കയിലെ കനക്‌ടികട്ടിലാണ് സംഭവം. ഫയർ ഫോഴ്സ് പാഞ്ഞെത്തി വീട്ടിലെ തീ അണക്കവേയാണ്, 32കാരനായ യുവാവ് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയത്. അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും അക്ഷരാര്‍ഥത്തില്‍ ഞെട്ടി.

രണ്ടാനമ്മ കിംബർലി സള്ളിവൻ 20 വർഷമായി ആ വീട്ടിലെ ഒരു കുടുസ് മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു ആ യുവാവിനെ. ഒരു വർഷം മുമ്പാണ് അവന്റെ അച്ഛൻ മരിച്ചത്. അയാളും അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ഈ ക്രൂരത. സംഭവത്തിൽ, പൊലീസ് കേസെടുത്തു. 

11 വയസുള്ളപ്പോഴാണ് അവൻ വീട്ടിലെ കുഞ്ഞ് മുറിയിലടയ്ക്കപ്പെട്ടത്. ഒരു ദിവസം, രണ്ട് കപ്പ് വെള്ളവും രണ്ട് സാൻവിച്ചും മാത്രമാണ് ആ രണ്ടാനമ്മ അവന് നൽകിയിരുന്നത്. പകലേത്, രാത്രിയേതെന്ന് നിശ്ചയമില്ലാതെ, വേണ്ടത്ര ഭക്ഷണമില്ലാതെ കടുത്ത ചൂടിലും തണുപ്പിലും അവൻ നരകയാതന അനുഭവിക്കുകയായിരുന്നു. 11–ാം വയസില്‍ എവിടേക്കോ ഓടിപ്പോയി എന്നാണ് ആ രണ്ടാനമ്മ നാട്ടുകാരോട് അവനെപ്പറ്റി പറഞ്ഞിരുന്നത്.

അവൻ കിടന്ന മുറിയിൽ ഒരു ടോയ്ലറ്റ് പോലുമില്ല. ജനാലയിൽ ഒരു ദ്വാരം ഉണ്ടാക്കി, അതിലൂടെ ഒരു പൈപ്പ് വെച്ചാണ് അവൻ മലമൂത്ര വിസർജനം നടത്തിയത്. പല്ല് തേയ്ക്കാതെ, ദന്ത പരിചരണത്തിന്റെ അഭാവം മൂലം, പല്ലിന്റെ കഷണങ്ങൾ ദ്രവിച്ച് ഉളകി വരാൻ തുടങ്ങിയ അവസ്ഥയിലായിരുന്നു അവന്‍.  

ആരാലും അറിയപ്പെടാതെ, അവനെ 20 വർഷം എങ്ങനെ പൂട്ടിയിട്ടു എന്ന അന്വേഷണത്തിലാണ് പൊലീസ്.  അവനിപ്പോൾ ആശുപത്രിയിലാണ്. 20 വർഷമായി അരപ്പട്ടിണി കിടന്നതിനാൽ വെസ്റ്റിംഗ് സിൻഡ്രോം എന്ന രോ​ഗം അവനെ ബാധിച്ചിരിക്കുന്നു. 5 അടി 9 ഇഞ്ച് ഉയരമുള്ള അവന്റെ ഭാരം വെറും 31 കിലോ മാത്രമാണിപ്പോൾ.  സംഭവം പുറംലോകത്തെത്തിയതോടെ, മാർച്ച് 11 ന് പ്രതിയായ രണ്ടാനമ്മയെ പൊലീസ്അറസ്റ്റ് ചെയ്തു. 

വാട്ടർബറി സുപ്പീരിയർ കോടതിയിൽ ഹാജരായ ശേഷം കിംബർലി സള്ളിവൻ 3 ലക്ഷം ഡോളർ ജാമ്യം കെട്ടിവെച്ച് പുറത്തിറങ്ങി. മാർച്ച് 26 ന് കേസിൽ കോടതി തുടർവാദം കേൾക്കുകയാണ്. 

ENGLISH SUMMARY:

Man allegedly held captive for 20 years, Kimberly Sullivan's case