യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്കിയും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞു. യുഎസ് ചെയ്ത സഹായങ്ങളോട് നന്ദി വേണമെന്ന് സെലെന്‍സ്കിയോട് പറഞ്ഞ ട്രംപ് , സമാധാനത്തിന് തയ്യാറാകുകയാണെങ്കില്‍ സെലെന്‍സ്കിക്ക് തിരിച്ചുവരാമെന്നും പറഞ്ഞു.അതിരൂക്ഷ തര്‍ക്കത്തെ തുടര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. ഇതേത്തുടര്‍ന്ന് വൈറ്റ് ഹൗസില്‍ നിന്നും സെലെന്‍സ്കി ഇറങ്ങിപ്പോയി.
'കരാറിന് സെലന്‍സ്കി തയ്യാറല്ലെങ്കില്‍ ഇവിടെ എല്ലാം അവസാനിപ്പിക്കുകയാണെന്നും വലിയ പ്രശ്നമാണ് സെലന്‍സ്കി ഉണ്ടാക്കുന്നത്, യുദ്ധം ജയിക്കാന്‍ പോകുന്നില്ലെന്നും' ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ 'യുക്രെയ്ന്‍ സ്വതന്ത്ര രാഷ്ട്രമാണെന്നും ഇത്രയും നാള്‍ കരുത്തോടെ നിന്നുവെന്നും നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി'യെന്നും സെലന്‍സ്കി തിരിച്ചടിച്ചു. യുദ്ധത്തില്‍ യുഎസിനു ചെലവായ പണത്തിനു പകരമായി യുക്രെയ്ന്‍ സര്‍ക്കാരിന്റെ ഉടമസ്ഥയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം യുഎസുമായി പങ്കിടുന്ന കരാറില്‍ സെലെന്‍സ്കി ഒപ്പു വയ്ക്കാനും കൂട്ടാക്കിയില്ല.
മൂന്നാം ലോക മഹായുദ്ധത്തിന് സെലന്‍സ്കി ശ്രമിക്കുകയാണോയെന്ന് ട്രംപ് ചോദ്യമുയര്‍ത്തി. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ വച്ചാണ് സെലന്‍സ്കി കളിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. യുഎസ് വൈസ് പ്രസിഡന്‍റ് വാന്‍സിനോടും കടുത്ത ഭാഷയിലാണ് സെലന്‍സ്കി സംസാരിച്ചത്. കടുത്ത വാഗ്വാദമാണ് തുടര്‍ന്ന് നടന്നത്. 'യുഎസ് ആയുധം നല്‍കിയില്ലായിരുന്നുവെങ്കില്‍ രണ്ടാഴ്ച കൊണ്ട് യുദ്ധം തീര്‍ന്നേനെ'യെന്ന് ട്രംപ് പറഞ്ഞതിന്, 'അതേ, രണ്ട് മൂന്ന് ദിവസം കൊണ്ട് തീര്‍ന്നേനെ എന്ന് പുട്ടിനും പറഞ്ഞു കേട്ടു' എന്നായിരുന്നു സെലന്‍സ്കിയുടെ മറുപടി. യുക്രെയ്ന് ഇപ്പോള്‍ വേണ്ടത് വെടിനിര്‍ത്തല്‍ ആണെന്നും താന്‍ അതിനാണ് വന്നിരിക്കുന്നതെന്നും ട്രംപ് വിശദീകരിച്ചു. സെലന്‍സ്കി വഴങ്ങാതിരുന്നതോടെ അമേരിക്കയെ അപമാനിക്കുന്ന നടപടിയാണിതെന്നും സമാധാനം വേണമെന്ന് തോന്നുമ്പോള്‍ വരൂവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സമാധാന ചര്‍ച്ച അലസിപ്പിരിഞ്ഞതോടെ യുക്രെയ്നില്‍ യുദ്ധം അനിശ്ചിതമായി നീണ്ടേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.