കളമശേരി പോളി ടെക്നികിലെ ലഹരിവേട്ടയില്‍ പ്രധാനപ്രതി പിടിയില്‍. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയും കൊല്ലം സ്വദേശിയുമായ അനുരാജാണ് പിടിയിലായത്. അനുരാജിന്‍റെ നേതൃത്വത്തിലാണ് ഹോളി ആഘോഷത്തിനായി കുട്ടികളില്‍ നിന്നും പണപ്പിരിവ് നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. കഴിഞ്ഞ ദിവസം പിടിയിലായ പൂര്‍വ വിദ്യാര്‍ഥികളുടെ മൊഴി അനുസരിച്ചാണ് ഇയാളിലേക്ക് അന്വേഷണം എത്തിയത്. വിദ്യാര്‍ഥികളില്‍ നിന്നും പിരിച്ച പണം പൂര്‍വ വിദ്യാര്‍ഥികളാണ ആഷ്ക്, ഷാലിക് എന്നിവര്‍ക്കാണ് നല്‍കിയത്. ഇവരാണ് കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിച്ചതും വിതരണം ചെയ്യാന്‍ തയ്യാറാക്കിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
അതിനിടെ നാലുകിലോയിലേറെ കഞ്ചാവാണ് ഹോസ്റ്റലിലേക്ക് എത്തിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. കാണാതായ കഞ്ചാവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കിലോയ്ക്ക് പതിനായിരം രൂപ വീതമാണ് കഞ്ചാവിന് നല്‍കിയതെന്നും വിദ്യാര്‍ഥികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി വന്‍തോതില്‍ ലഹരി വസ്തുക്കള്‍ കോളജ് ഹോസ്റ്റലിലേക്ക് എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തതിയതും വന്‍തോതില്‍ കഞ്ചാവും മദ്യക്കുപ്പികളും മറ്റ് ലഹരി വസ്തുക്കളും പിടികൂടിയതും.