പ്രതീകാത്മക ചിത്രം
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാന് ജാക്ക്പോട്ട് അടിച്ച സന്തോഷമാണിപ്പോളെന്ന് റിപ്പോര്‍ട്ട്. സിന്ധു നദീതടത്തില്‍ 80,000 കോടി രൂപ വിലമതിക്കുന്ന വമ്പന്‍ സ്വര്‍ണ നിക്ഷേപമാണ് കണ്ടെത്തിയത്. കൃത്യമായി ഖനനം ചെയ്തെടുക്കാനായാല്‍ പാക്കിസ്ഥാന്‍റെ സാമ്പത്തിക പ്രതിസന്ധിയും പിന്നാക്കാവസ്ഥയും ഇതോടെ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ സ്വര്‍ണ ഖനി കണ്ടെത്തിയ വാര്‍ത്ത ഡോണ്‍ ന്യൂസാണ് പുറത്തുവിട്ടത്.
പ്രതീകാത്മക ചിത്രം
പഞ്ചാബിലെ അറ്റോക്കില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വെയിലാണ് കണ്ടെത്തലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വിഭജനകാലത്ത് പാക്കിസ്ഥാനിലായിപ്പോയ സിന്ധു നദിയുടെ ഭാഗത്താണ് സ്വര്‍ണ നിക്ഷേപമുള്ളത്. നദിയുടെ ഒഴുക്കിനെ തുടര്‍ന്ന് സ്വര്‍ണത്തരികള്‍ ഒന്നെങ്കില്‍ പരന്ന് ഖനീഭവിച്ച നിലയിലോ അല്ലെങ്കില്‍ വൃത്താകൃതിയിലോ ആയി കാണപ്പെടാമെന്നാണ് ജിയോളജിസ്റ്റുകളും പറയുന്നത്. ധാതുക്കളാല്‍ സമ്പന്നമായ സിന്ധു നദിയില്‍ വന്‍തോതില്‍ സ്വര്‍ണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍റെ കണക്കനുസരിച്ച് 2024 ഡിസംബര്‍ വരെ പാക്കിസ്ഥാന്‍റെ കൈവശമുള്ള സ്വര്‍ണം 5.43 ബില്യണ്‍ ഡോളര്‍ (ഏകദേശം 543 കോടി) ആണ്. വിലക്കയറ്റവും കറന്‍സിയുടെ ക്ഷയിക്കലും കാരണം വലയുന്ന പാക്കിസ്ഥാന് ആശ്വാസം പകരുന്നതാണ് പുതിയ കണ്ടെത്തല്‍. സ്വര്‍ണ ഖനനത്തിനായി കൃത്യമായ പദ്ധതി തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്താല്‍ അതുവഴി വന്‍തോതിലുള്ള വിദേശനിക്ഷേപവും പാക്കിസ്ഥാനിലേക്ക് എത്തുമെന്ന് വിദഗ്ധര്‍ പറയുന്നു.
കൃത്യമായി ഖനനം ചെയ്യുകയും അതിന്‍റെ തുടര്‍ മേല്‍നോട്ടവും നടത്തിയാല്‍ പാക്കിസ്ഥാന്‍റെ വിദേശ കരുതല്‍ ധനവും വര്‍ധിക്കും. നിലവില്‍ തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ വച്ചേറ്റവും കുറവ് സ്വര്‍ണം കരുതല്‍ ശേഖരമായുള്ള രാജ്യം പാക്കിസ്ഥാനാണ്. ഫലപ്രദമായ ആസൂത്രണത്തിലൂടെ ഇത് മറികടക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. നാഷനല്‍ എന്‍ജിനീയറിങ് സര്‍വീസസ് പാക്കിസ്ഥാനും പഞ്ചാബിലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പും സംയുക്തമായാകും ഖനനത്തിന് നേതൃത്വം നല്‍കുകയെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വര്‍ണഖനി കണ്ടെത്തിയതോടെ അനധികൃത ഖനനത്തിനും കള്ളക്കടത്തിനും സാധ്യതയേറെയാണ്. അതുകൊണ്ട് തന്നെ സുരക്ഷിതമായി സ്വര്‍ണം ഖനനം ചെയ്യുന്നതിനുള്ള പരിസ്ഥിതി ഒരുക്കി നല്‍കുകയാണ് സര്‍ക്കാരിന് മുന്‍പിലുള്ള വെല്ലുവിളിയെന്നും അങ്ങനെയെങ്കില്‍ നിലവിലെ കടബാധ്യതകളില്‍ നിന്നും പാക്കിസ്ഥാന് പുറത്ത് കടക്കാനാകുമെന്നും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും വളര്‍ച്ചയിലേക്കും എത്താനാകുമെന്നാണ് പ്രതീക്ഷ.