29 വര്‍ഷത്തിന് ശേഷമാണ് പാക്കിസ്ഥാനിലേക്ക് ഒരു ഐസിസി ടൂര്‍ണമെന്റ് എത്തുന്നത്. ആശിച്ച് നാട്ടിലെത്തിയ ചാംപ്യന്‍സ് ട്രോഫിയില്‍ നാണംകെടാനായിരുന്നു പാക്കിസ്ഥാന്റെ വിധി. ഒറ്റകളി ജയിക്കാതെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് തന്നെ പുറത്തേക്ക്. കളിച്ച മൂന്ന് കളിയിലും ജയമില്ലെങ്കിലും കാശിന്റെ കാര്യത്തില്‍ പിശുക്കൊന്നുമില്ല. പാക്കിസ്ഥാനും കിട്ടും കോടികള്‍.
ചാംപ്യന്‍സ് ട്രോഫിക്ക് മുന്‍പ് ത്രിരാഷ്ട്ര പരമ്പര തോറ്റ ക്ഷീണത്തിലിറങ്ങിയ പാക്കിസ്ഥാന് ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് തോറ്റു. ഇന്ത്യയ്ക്കെതിരെ ദുബായില്‍ തോറ്റ ശേഷം ബംഗ്ലാദേശിനോട് ആശ്വാസ ജയം തേടി ഇറങ്ങിയ പാക്കിസ്ഥാന് മഴ വില്ലനായി. മത്സരം ഉപേക്ഷിച്ചതോടെ ഒരു പോയിന്റോടെ ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനക്കാരാണ് പാക്കിസ്ഥാന്. റണ്‍റേറ്റ് കണക്കാക്കിയാല്‍ ബംഗ്ലാദേശിനും താഴെയാണ് പാക്കിസ്ഥാന്.
പാക്കിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ 69 ലക്ഷം ഡോളറാണ് ആകെ സമ്മാനത്തുക. 2017 ലെ ടൂര്ണമെന്റിനേക്കാള് 53 ശതമാനം കൂടുതല്‍. ടൂര്‍ണമെന്റ് ജയിക്കുന്നവര്‍ക്ക് 22.4 ലക്ഷം ഡോളറും രണ്ടാം സ്ഥാനക്കാര്‍ക്ക് 11.2 ലക്ഷം ഡോളറും കിട്ടും. സെമിയില്‍ തോറ്റാല്‍ 5.60 ലക്ഷം ഡോളര്‍ കയ്യിലെത്തും.
7-8 സ്ഥാനക്കാര്‍ക്ക് 1.40 ലക്ഷം ഡോളറാണ് ലഭിക്കുക. ഇതിനൊപ്പം മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 1.25 ലക്ഷം ഡോളര്‍ ഐസിസി ഉറപ്പ് നല്‍കുന്നുണ്ട്. അതിനാല്‍ നേരത്തെ പുറത്തായാലും പണത്തിന്റെ കാര്യത്തില്‍ പാക്കിസ്ഥാനും കിട്ടും കോടികള്‍. ഏകദേശം 2.60 ലക്ഷം ഡോളറാണ് പാക്കിസ്ഥാന് ലഭിക്കുക. അതായത് 2.30 കോടി രൂപ.