Image: Attorney General of the State of Oaxaca Facebook
അവധി ആഘോഷിക്കാന്‍ പോയ ഒന്‍പത് വിദ്യാര്‍ഥികളില്‍ എട്ടുപേരുടെ കൈകള്‍ വെട്ടി നുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ റോഡരികില്‍ നിന്നും കണ്ടെത്തി. മെക്സിക്കോയിലാണ് സംഭവം. ഫെബ്രുവരി 27ന് കാണാതായ അഞ്ച് പെണ്‍കുട്ടികളുടെയും നാല് പുരുഷന്‍മാരുടെയും മൃതദേഹഭാഗങ്ങളാണ് ബാഗിലാക്കി ട്രക്കില്‍ ഉപേക്ഷിച്ച നിലയില്‍ വഴിയരികില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.
ബിരുദം നേടിയത് ആഘോഷിക്കാന്‍ ബീച്ചിലേക്ക് പോയ 19വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സാന്‍ ജോസ് മിഹ്വാട്ലനില് നിന്നും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് പേരുടെ മൃതദേഹങ്ങള്‍ ട്രക്കിനുള്ളില്‍ നിന്നും മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ടാര്‍പായയ്ക്കടിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ബാഗിലാക്കി പൂട്ടിയ നിലയില്‍ എട്ട് ജോഡി കൈകളും രണ്ട് കൈ ട്രക്കില്‍ നിലത്തിട്ടിരിക്കുന്നതായും കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. മരിച്ചവരില്‍ ഏയ്ജി ലിസ് (29), ബ്രെന്‍ഡ മരിയേല്‍ (19), ജാക്വിലിന്‍ ഏയ്ലറ്റ് (23), നവമി യാമിലത്ത് (28), ലെസ്ലി നോയ (21), റൗള്‍ ഇമ്മാനുവല്‍ (28) റൂബന്‍ ആന്‍റോ, റൊണാള്‍ഡോ അര്‍മാന്‍ഡോ എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ആരെയും പിടികൂടാനായിട്ടില്ല. കൊല്ലപ്പെട്ടവരുടെ കാര്‍ ബീച്ചിനരികിലൂടെ പോകുന്നതിന്‍റെ ദൃശ്യങ്ങളില്‍ ചിലത് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാലിത് മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലത്തിന് 90 മൈല്‍ (ഏകദേശം 144 കിലോ മീറ്റര്‍ ) അകലെ നിന്നാണെന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ദുരൂഹ സാഹചര്യങ്ങളില്‍ 30,000ത്തിലേറെപ്പേര്‍ 2023 ല്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.