South Korean Air Force F-15K fighter jets fire flare shells during the joint military drill between South Korea and the United States at Pocheon, South Korea(AP)

  • ബോംബിട്ടത് ജനവാസമേഖലയില്‍, വീടുകളും പള്ളിയും തകര്‍ന്നു
  • വീണത് 225 കിലോ വീതമുള്ള എട്ട് ബോംബുകള്‍
  • അബദ്ധത്തിലെന്ന് വ്യോമസേനയുടെ വിശദീകരണം

സൈനിക അഭ്യാസത്തിനിടെ സ്വന്തം പൗരന്‍മാരുടെ വീടുകള്‍ക്കും പള്ളിക്കും നേരെ ബോംബിട്ട് ദക്ഷിണ കൊറിയ. ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊച്ചോണില്‍ നടത്തിയ സൈനിക അഭ്യാസത്തിനിടെ അബദ്ധത്തില്‍ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്നും ജനവാസമേഖലയില്‍ ഉണ്ടായ ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നുവെന്നും വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. 

A forensic officer walks near damaged buildings after South Korea's Air Force said that Mk82 bombs fell from a KF-16 jet outside the shooting range during joint live-fire exercises near the demilitarized zone separating two Koreas in Pocheon, South Korea, March 6, 2025. REUTERS/Kim Hong-Ji

ഉത്തര കൊറിയയോട് അടുത്ത സീയൂളില്‍ നിന്നും വടക്ക് കിഴക്കായി നാല്‍പത് കിലോമീറ്റര്‍ മാത്രം അകലെയാണ് ആക്രമണം നടന്ന പൊച്ചോണ്‍. KF-16 യുദ്ധവിമാനങ്ങള്‍ 225 കിലോ വീതം വരുന്ന എട്ട്  Mk 82 ബോംബുകളാണ് വര്‍ഷിച്ചതെന്ന് സൈന്യം വ്യക്തമാക്കി. അസ്വാഭികമായി സംഭവിച്ച അബദ്ധമാണിതെന്നും ഖേദിക്കുന്നുവെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരുക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും സൈന്യം ആശംസിച്ചിട്ടുണ്ട്. 

വരാനിരിക്കുന്ന യുഎസ്– ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. ബോംബുകള്‍ വീണ് ആളുകള്‍ക്ക് പരുക്കേറ്റതിന് പിന്നാലെ സൈന്യമെത്തി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും പൊട്ടാത്ത ബോംബുകള്‍ ജനവാസ മേഖലയിലുണ്ടോയെന്ന് പരിശോധന നടത്തി മടങ്ങുകയും ചെയ്തുവെന്നും യോനാപ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊച്ചോണില്‍ സൈനിക അഭ്യാസം നടത്തുന്നതിനെതിരെ വര്‍ഷങ്ങളായി പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത് വകവയ്ക്കാതെയാണ് സര്‍ക്കാര്‍ നടപടി തുടരുന്നത്. വീടുകള്‍ തകര്‍ന്നതിന്‍റെയും പള്ളി നിലംപൊത്തിയതിന്‍റെയും ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നു. അടുത്ത ആഴ്ച വാര്‍ഷിക സൈനിക അഭ്യാസം നടക്കാനിരിക്കെയാണ് ഈ 'അബദ്ധം' സംഭവിച്ചതെന്നതും ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണ് ദക്ഷിണ കൊറിയ– അമേരിക്ക 'ഫ്രീഡം ഷീല്‍ഡ് ' അഭ്യാസത്തിന് തുടക്കമാവുക. മാര്‍ച്ച് 20വരെ സംയുക്ത സൈനിക അഭ്യാസം തുടരും. ഉത്തര കൊറിയയില്‍ നിന്നുമുള്ള ഭീഷണികളെ ഫലപ്രദമായി ചെറുക്കുന്നതിനും സഖ്യം ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് സൈനിക അഭ്യാസം നടത്തുന്നത്. 

ENGLISH SUMMARY:

A South Korean military exercise went horribly wrong as fighter jets mistakenly dropped bombs on homes and a mosque in Pocheon, injuring 15 civilians