Image Credit: Bibi Brzozka/https://www.instagram.com/planetbibi
മരണം തൊട്ടടുത്ത് വന്ന് നില്‍ക്കുമ്പോള്‍ പോലും പതറാതെ അതാഘോഷമാക്കിയ ഒരച്ഛനെയും മകളെയും കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ലോകം. കാന്‍സര്‍ ബാധിതനായ അച്ഛന്‍റെ അവസാന നിമിഷങ്ങള്‍ മനോഹരമാക്കാന്‍ ഗുഡ് ബൈ പാര്‍ട്ടി സംഘടിപ്പിച്ച മകള്‍ക്ക് സൈബറിടത്ത് നിറകയ്യടി. മരണത്തെ ഭയത്തോടെ മാത്രം നോക്കിക്കാണുന്ന സമൂഹത്തില്‍ മരണത്തെ എങ്ങനെ സധൈര്യം ഉള്‍ക്കൊളളാം എന്നു പഠിപ്പിക്കുകയാണ് ഇരുവരും.
പോളണ്ട് സ്വദേശികളായ ഈ അച്ഛനും മകളുമാണ് ഇപ്പോള്‍ സൈബറിടത്തെ താരങ്ങള്‍. കാന്‍സര്‍ ബാധിതനായ അച്ഛന്‍റെ ആഗ്രഹമായിരുന്നു അവസാനമായി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഒരു ഗുഡ്ബൈ പാര്‍ട്ടി. അച്ഛന്‍റെ ആഗ്രഹത്തിന് പൂര്‍ണപിന്തുണയുമായി മകളും ഒപ്പം കൂടി. മരണശേഷം സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് നടത്തുന്ന ചടങ്ങുകള്‍ കാണാന്‍ താനില്ലല്ലോ...എങ്കില്‍ പിന്നെ അത് താന്‍ ജീവിച്ചിരിക്കുമ്പോള്‍, തന്‍റെ സാന്നിധ്യത്തില്‍ നടത്തിക്കൂടെ എന്ന ചോദ്യത്തില്‍ നിന്നാണ് ഗുഡ്ബൈ പാര്‍ട്ടി എന്ന ആശയം ഉടലെടുത്തതെന്ന് മകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഗുഡ്ബൈ പാര്‍ട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ട് മകള്‍ കുറിച്ചതിങ്ങനെ..'ഉടൻ മരിക്കുമെന്ന് തിരിച്ചറിഞ്ഞ എന്‍റെ അച്ഛൻ കഴിഞ്ഞ മാസം ഒരു ഗുഡ്ബൈ പാർട്ടി നടത്തി. ചിലർ ഞെട്ടിപ്പോയെങ്കിലും മറ്റുചിലർ വളരെ പ്രചോദനപരമായാണ് കാര്യങ്ങളെ കണ്ടത്. മരണശേഷമുള്ള പരിപാടികൾ എല്ലാം ഒഴിവാക്കി, എല്ലാം താൻ ഉള്ളപ്പോൾ വേണമെന്നുളള ചിന്തയാണ് അച്ഛനെ ഇതിന് പ്രേരിപ്പിച്ചത്'. ഗുഡ്ബൈ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തൊരുമിച്ച് ഭക്ഷണം കഴിക്കുന്നതും അച്ഛനെ കുറിച്ചുളള ഓര്‍മകള്‍ പങ്കുവയ്ക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. വിഡിയോ വൈറലായതോടെ അച്ഛന്‍റെ മനക്കരുത്തിനെയും പൊസിറ്റീവ് ചിന്താഗതിയെയും പ്രശംസിക്കുകയാണ് സോഷ്യല്‍ ലോകം. മരണത്തെ ഇങ്ങനെയും അഭിമുഖീകരിക്കാം എന്ന് ലോകത്തിന് കാട്ടിത്തന്ന അച്ഛനെയും മകളെയും ഏറ്റെടുത്തിരിക്കുകയാണ് ഇന്റർനെറ്റ് ലോകം.