അനധികൃത കുടിയേറ്റക്കാരെ സ്വന്തം രാജ്യങ്ങളിലേക്ക് സൈനിക വിമാനങ്ങളില്‍ മടക്കി അയയ്ക്കുന്നത് താല്‍കാലികമായി നിര്‍ത്തിവച്ച് അമേരിക്കന്‍ സൈന്യം. ഉയര്‍ന്ന ചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. മാര്‍ച്ച് ഒന്നിനാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള സൈനിക വിമാനം യുഎസില്‍ നിന്നും പുറപ്പെട്ടത്. ഇതിന് പിന്നാലെയുള്ള നടപടികള്‍ എല്ലാം അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് സ്വന്തം സൈനിക വിമാനത്തിലാണ് അനധികൃതമായി കുടിയേറിയവരെ യുഎസ് മടക്കി അയച്ചത്. ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെയാണ് സ്വന്തം രാജ്യങ്ങളിലേക്കോ അല്ലെങ്കില്‍ ഗ്വണ്ടനാമോ ബേയിലെ കേന്ദ്രത്തിലേക്കോ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ തിടുക്കത്തില്‍ അയയ്ക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതത്ര എളുപ്പമല്ലന്നും വന്‍ തുകയാണ് ഇതിനായി ഖജനാവില്‍ നിന്ന് ചെലവഴിക്കേണ്ടി വന്നതെന്നുമാണ് വാള്‍ സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ട്.
'നിങ്ങള്‍ നിയമം ലംഘിച്ചാല്‍ കുറ്റവാളിയാണ്, അനധികൃത കുടിയേറ്റം കുറ്റമാണ്. അത് ചെയ്താല്‍ ഗ്വാണ്ടനാമോയിലാകും പിന്നീടുള്ള കാലം' എന്നായിരുന്നു പിടിക്കപ്പെട്ടവരോട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞയാഴ്ച കൂടി പറഞ്ഞത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കുന്നതിനായി കൂടിയാണ് സൈനിക വിമാനങ്ങള്‍ നടപടിക്കായി ഉപയോഗിച്ചത്. എന്നാല്‍ മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് സൈനിക വിമാനങ്ങള്‍ക്കുള്ള ചെലവേറെയാണെന്നതും നടപടികള്‍ക്ക് വിനയായി.
ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യ, പെറു, ഗ്വാട്ടെമാല, ഹോണ്ടുറാസ്,പനാമ, ഇക്വഡോര്‍ എന്നിവിടങ്ങളിലേക്കായി 30 തവണയാണ് അനധികൃത കുടിയേറ്റക്കാരുമായി സൈനികവിമാനങ്ങള്‍ പറന്നത്. ഏഴുബാച്ചുകളിലായി നൂറുകണക്കിന് ഇന്ത്യക്കാര്‍ യുഎസ് സൈന്യത്തിന്‍റെ ചരക്ക് വിമാനത്തില്‍ ഇന്ത്യയിലെത്തി. കൈകാലുകള്‍ ബന്ധിച്ച് ഇവരെ കൊണ്ടുവന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും യുഎസ് വകവച്ചിരുന്നില്ല.
അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനങ്ങള്‍ പറന്നതത്രയും ദൈര്‍ഘ്യമേറിയ റൂട്ടുകളിലൂടെയാണ്. മെക്സിക്കോയുടെ ആകാശം ഒഴിവാക്കി പറന്നതിനെ തുടര്‍ന്നാണ് യാത്രാസമയം വര്‍ധിച്ചത്. ഇത് ചെലവ് വര്‍ധിക്കുന്നതിനും പ്രധാന കാരണമായി. ഇന്ത്യയിലേക്ക് ആളുകളെ മൂന്ന് തവണ മടക്കി അയച്ചപ്പോള്‍ 90 ലക്ഷം യുഎസ് ഡോളര്‍ കുറഞ്ഞത് ചെലവായി. അനധികൃത കുടിയേറ്റക്കാര്‍ ഒരാള്‍ക്ക് 20,000 ഡോളര്‍ വീതമെന്ന കണക്കിലാണ് ഈ തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.
മെക്സിക്കോ, തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയ, വെനസ്വേല എന്നിവ തങ്ങളുടെ രാജ്യത്തേക്ക് യുഎസ് സൈനിക വിമാനം എത്താന്‍ അനുവദിച്ചില്ല. പകരം സ്വന്തം രാജ്യത്ത് നിന്നും യാത്രാവിമാനം അയച്ചാണ് അനധികൃത കുടിയേറ്റക്കാരെ മടക്കിക്കൊണ്ട് വന്നത്.